പനമ്പിള്ളി നഗറിലെ വെടിവെയ്പിൽ കേസ് ആയുധനിയമപ്രകാരം; വെടിയുണ്ട കണ്ടെടുക്കാനായില്ല

കൊച്ചി പനമ്പിള്ളി നഗറില്‍ ഇന്നലെയുണ്ടായ വെടിവെയ്പിൽ പൊലീസ് കേസെടുത്തത് ആയുധ നിയമപ്രകാരം. ഉപയോഗിച്ചത് കളിത്തോക്ക് ആണെന്ന് സംശയമുണ്ടെങ്കിലും ശക്തമായിത്തന്നെ കേസ് റജിസ്റ്റര്‍ ചെയ്ത് മുന്നോട്ടുപോകാനാണ് തീരുമാനം. ഭീഷണിപ്പെടുത്തി, അതിക്രമിച്ചുകയറി എന്നീ കുറ്റങ്ങളും കേസിലുണ്ട്. കൊച്ചിയിലെ പ്രാദേശിക ഗുണ്ടാ സംഘങ്ങളിലേക്കാണ് ഇപ്പോള്‍ അന്വേഷണം നീളുന്നത്. 

ബ്യൂട്ടിപാർലറിൽ അതിക്രമിച്ചുകയറി തോക്ക് ഉപയോഗിച്ച് വെടിവച്ചു എന്ന് സെക്യുരിറ്റി ജീവനക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തോക്കിന്റെ സ്വഭാവത്തെക്കുറിച്ച് കൃത്യമായ സൂചനയില്ല, എന്നാല്‍ പ്രഹരശേഷി തീരെ കുറഞ്ഞതാണ് എന്നാണ് നിഗമനം. സ്ഥലത്തു നിന്ന് വെടിയുണ്ടകളോ, പെല്ലറ്റോ, െവടിമരുന്നിന്റെ അംശമോ ഒന്നും കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ കളിത്തോക്ക് ആണോയെന്നും സംശയമുണ്ട്. എന്നാല്‍ കേസ് ശക്തമായി റജിസ്റ്റര്‍ചെയ്ത് മുന്നോട്ട് പോകാനാണ് ഉന്നത തലത്തില്‍ നിന്നുള്ള നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് ആയുധ നിയമപ്രകാരം തന്നെ കേസെടുത്തത്. കളിത്തോക്കാണ് ആണെങ്കില്‍ ഇനിയത് തെളിയിക്കേണ്ടത് കേസില്‍ പ്രതിയാകുന്നവരുടെ ബാധ്യതയാകുമെന്ന് അർഥം.

സ്ഥാപനത്തില്‍ അതിക്രമിച്ചു കയറി, ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളും എഫ്ഐആറിലുണ്ട്. ആക്രമണത്തിന്റെ രീതി പരിഗണിക്കുമ്പോള്‍ പ്രാദേശിക ഗുണ്ടാ സംഘങ്ങളെയാണ് ആദ്യം സംശയിക്കേണ്ടത് എന്നാണ് പൊലീസ് നിഗമനം. അങ്ങനെയെങ്കിൽ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ പേരെഴുതിയ കടലാസ് സ്ഥലത്ത് ഉപേക്ഷിച്ചത് വഴി തെറ്റിക്കാനാകാം. ഹവാല സംഘങ്ങളുടെ പങ്കും പരിശോധിക്കുന്നുണ്ട്. വെടിവെയ്പുണ്ടായ ബ്യൂട്ടി പാർലർ ഉടമ ലീന പോൾ മുന്‍പ് പ്രതിയായിരുന്ന സാമ്പത്തിക തട്ടിപ്പുകേസുകളിലെ കൂട്ടുപ്രതികളുടെ പങ്കും പരിശോധിക്കുന്നുണ്ട്. എന്നാല്‍ അതിലേക്കെല്ലാം എത്തുന്നതിന് ലീന മരിയാ പോളിന്റ മൊഴി രേഖപ്പെടുത്തുണ്ടേതുണ്ട്. അതിനാണ് പൊലീസ് കാക്കുന്നത്.