വടിവാള്‍ വീശി പൊലീസിനെ ആക്രമിക്കാന്‍ ശ്രമം; മൂന്നുപേർ പിടിയിൽ

ചാലക്കുടിയില്‍ വടിവാള്‍ വീശി പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നു യുവാക്കള്‍ അറസ്റ്റില്‍. സംഘത്തിലെ രണ്ടു പേരെ നേരത്തെ പിടികൂടിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. പരിയാരം ബാറില്‍ രണ്ടു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. വിവരമറിഞ്ഞ് എത്തിയപ്പോള്‍ സംഘങ്ങള്‍ സ്ഥലംവിട്ടിരുന്നു. ഈ സമയത്താണ് സമീപപ്രദേശത്ത് ഈ സംഘങ്ങള്‍ വീണ്ടും വടിവാളുമായി തമ്പടിച്ചെന്ന് പൊലീസ് അറിയുന്നത്. അവിടേയ്ക്ക് എത്തിയ പൊലീസ് സംഘത്തെ ആക്രമിക്കാനായിരുന്നു ശ്രമം. പൊലീസിനു നേരേയും വടിവാള്‍ വീശി. 

പ്രതികളാകട്ടെ ഓടിരക്ഷപ്പെട്ടു. ഇതിനു ശേഷം പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു. വെള്ളാംചിറ സ്വദേശി അരുണ്‍, നിജീഷ് എന്നിവരെ ആദ്യം പിടികൂടി. ജെഫിന്‍, സുജിത്, വിശ്വം എന്നിവരാണ് രണ്ടാമതു പിടിയിലായവര്‍. ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.