ജർമനിയിൽ കുട്ടിയെ റാഞ്ചി ട്രെയിനിനു മുന്നിൽ ചാടിയ ഇന്ത്യാക്കാരന്റെ വിചാരണ തുടങ്ങി

ജര്‍മനിയില്‍ ഇന്ത്യക്കാരനായ അഭയാര്‍ഥി തട്ടിയെടുത്ത കുട്ടിയുമായി ട്രെയിനിനു മുന്നില്‍ ചാടി മരിക്കാന്‍ ശ്രമിച്ച കേസില്‍ വിചാരണ തുടങ്ങി.  കൊലപാതകശ്രമം ,  കുട്ടിയെ തട്ടിയെടുക്കൽ എന്നീ കുറ്റങ്ങളുടെ പേരിലാണ് വിചാരണ

കഴിഞ്ഞ ഏപ്രിൽ 16 ന് ജർമനിയിലെ വൂപ്പർട്ടാൽ നഗരത്തിലെ പ്രധാന റയിൽവേ സ്റ്റേഷനിലാണു സംഭവം. ട്രെയിൻ യാത്രയ്ക്കായി കാത്തു നിന്ന ഒരു ജർമൻ കുടുംബത്തിലെ സാൻഡ്രോ എന്ന അഞ്ചു വയസുകാരനെ , എസ്. ജഗദീപ് എന്ന ഇന്ത്യൻ അഭയാർഥി റാഞ്ചിയെടുത്ത് ഓടി വന്നു ട്രെയിന്റെ മുൻപിൽ ചാടുകയായിരുന്നു.

സംഭവത്തിൽ , കുട്ടിയുടെ പിതാവ് ക്രിസ്റ്റ്യാൻ, ജഗദീപിന്റെ പിന്നാലെ ഓടിയെങ്കിലും  ഇതിനകം ഇയാൾ കുട്ടിയോടൊപ്പം റയിൽ പാളത്തിൽ പതിച്ചിരുന്നു. സംഭവം കണ്ടു നിന്ന കുട്ടിയുടെ മാതാവ് ദാനിയേലാ (24) ബോധരഹിതയായി. വേഗത കുറഞ്ഞു വന്ന ട്രെയിന്റെ ഡ്രൈവർ  സഡൻ ബ്രേക്ക് ഇട്ടു ട്രെയിൻ നിറുത്തി. കുട്ടി നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഓടിയെത്തിയ പൊലീസ് ജഗദീപിനെ കീഴ്പ്പെടുത്തി .

ജർമനിയിലെ ഇയാളുടെ അഭയാർത്ഥിത്വം നിഷേധിച്ചതുമൂലം  ഇയാൾ നാട് കടത്തൽ ഭീഷണിയിലായിരുന്നുവെന്ന് പൊലീസ് കോടതിയിലറിയിച്ചു. ജർമനി വിട്ട് പോകാതിരിക്കാൻ ജഗദീപ് നടത്തിയ കടുംകൈയ്യാണ് ഈ കൊലപാതക ശ്രമമെന്ന് പൊലീസ് കോടതിയിൽ തുടർന്ന് പറഞ്ഞു.എന്നാൽ ജഗദീപ് മാനസിക രോഗിയും അപകടകാരിയുമാണെന്നാണ്  ഇയാളെ പരിശോധിച്ച ഡോക്ടർമാരുടെ  വിദഗ്ധ സംഘം വിലയിരുത്തിയത്.