ആൻ ഫ്രാങ്കിന്റെ സ്വന്തം 'ഹനേലി'; ഹന്ന ഗോസ്​ലർ അന്തരിച്ചു

ചിത്രം: ഗൂഗിൾ

ആൻഫ്രാങ്കിന്റെ ഉറ്റസുഹൃത്തും നാത്‍സി തടവറയിൽനിന്നു രക്ഷപ്പെട്ട സ്ത്രീയുമായ ഹന്ന ഗോസ്​ലർ (93) അന്തരിച്ചു. രണ്ടാം ലോകയുദ്ധകാലത്താണ് ബെർഗൻ ബെൽസൻ തടങ്കൽപാളയത്തിൽ ആൻ ഫ്രാങ്കിനൊപ്പം ഹന്ന കഴിഞ്ഞത്. പതിനഞ്ചാം വയസിൽ നാത്​സി തടവറയിൽ മരിച്ച ഉറ്റ കൂട്ടുകാരിയെ കുറിച്ച് ‘മെമ്മറീസ് ഓഫ് ആൻ ഫ്രാങ്ക് എന്ന പുസ്തകം ഹന്ന എഴുതിയിട്ടുണ്ട്. ഇത് പിന്നീട് സിനിമയായി.

1924 ലാണ് ഹന്ന ഗോസ്​ലർ ജനിച്ചത്. 1933 ൽ ജർമനി വിട്ട് ആംസ്റ്റർഡാമിലേക്ക് ഹന്നയും കുടുംബവും താമസം മാറി. അക്കാലത്താണ് ആനുമായി ഹന്ന സൗഹൃദത്തിലായത്. 1942 ൽ ആൻ ഫ്രാങ്കിനെയും കുടുംബത്തെയും നാത്​സികൾ പിടികൂടിയതോടെ സൗഹൃദം നിലച്ചു. പിറ്റേ വർഷം ഹന്നയുടെ കുടുംബത്തെയും അറസ്റ്റ് ചെയ്ത് തടങ്കൽപ്പാളയത്തിലാക്കി. 1945 ൽ ഇരുവരും വീണ്ടും കണ്ടുമുട്ടി.ആ കൂടിക്കാഴ്ചയിൽ ആൻ വിതുമ്പിക്കരഞ്ഞുവെന്ന് ഹന്ന പിന്നീട് കുറിച്ചു. 

ഹന്നയും സഹോദരി ഗാബിയും മാത്രമാണു നാത്‍സി തടവറയിൽനിന്നു രക്ഷപ്പെട്ടത്. രണ്ടാം ലോകയുദ്ധത്തിനുശേഷം ഇസ്രയേലിലേക്കു കുടിയേറിയ ഹന്ന നഴ്സായി ജോലി ചെയ്തു. അവർക്ക് 3 മക്കളും 11 ചെറുമക്കളും അവരുടെ മക്കളായി 31 പേരുമുണ്ട്. ‘ഇതാണു ഹിറ്റ്‌ലർക്കുള്ള എന്റെ മറുപടി’ എന്ന് ഹന്ന പറഞ്ഞിരുന്നു.

Ann Frank's friend and holocaust survivor Hanna gosler dies at 93