ഒക്ടോബര്‍ ഫെസ്റ്റ് വീണ്ടും; ആഘോഷത്തിമിര്‍പ്പില്‍ മ്യൂണിക്; ഒഴുകുന്നത് 80 ലക്ഷം ലീറ്റര്‍ ബീയര്‍

കോവിഡ് മഹാമാരി കാരണം രണ്ടുവര്‍ഷമായി മുടങ്ങിക്കിടന്ന ലോകപ്രസിദ്ധമായ ബീയര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ഫെസ്റ്റ് ഒരിക്കല്‍ക്കൂടി മ്യൂണിക്കില്‍ ആരംഭിച്ചിരിക്കുകയാണ്. 1810 ഒക്ടോബര്‍ പന്ത്രണ്ടിനാണ് ആദ്യമായി ജര്‍മനിയില്‍ ഒക്ടോബര്‍ ഫെസ്റ്റ് ആഘോഷിച്ചത്. അന്നത്തെ രാജാവായിരുന്ന ലുഡ്‍വിക് ഒന്നാമന്റെ രാജകീയ വിവാഹത്തിന്റെ സൂചനയും ആഘോഷവുമായിട്ടായിരുന്നു ആദ്യം ഇത് നടത്തിയത്. അതിനുശേഷം ഈ ഉല്‍സവം നടക്കുന്ന ഗ്രൗണ്ട് അറിയപ്പെടുന്നതും തെരേസിയന്‍ വീസ എന്നാണ്.

പതിനേഴ് വലിയ ടെന്റുകളിലും 21 ചെറിയ ടെന്റുകളിലുമായി ഏതാണ്ട് രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കുന്ന ഒക്ടോബര്‍ ഫെസ്റ്റ് ലോകമെമ്പാടുമുള്ള ഏകദേശം 70 ലക്ഷത്തിലധികം സന്ദര്‍ശകരെയാണ് മ്യൂണിക്കിലേക്ക് ആകര്‍ഷിക്കുന്നത്. ഓരോ ടെന്റ് ഒരുക്കുകയും അവിടെ ബീയര്‍ ഒഴുക്കുകയും ചെയ്യുന്നത് മ്യൂണിക്കില്‍ മാത്രമുള്ള ആറ് വലിയ ബീയര്‍ ബ്രൂവറികളാണ്. ജര്‍മനിയില്‍ 500 വര്‍ഷത്തിലധികമായി പ്രാബല്യത്തിലുള്ള കര്‍ശനമായ ബീയര്‍ നിര്‍മാണ നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് ഈ ബ്രൂവറികള്‍ അവരുടെ ബീയര്‍ ഒക്ടോബര്‍ ഫെസ്റ്റിന് കൊണ്ടുവരുന്നത്. ഒരു വലിയ ടെന്റില്‍ത്തന്നെ ആറായിരത്തിലധികം സന്ദര്‍ശകരെ ഇരുത്താനാകും എന്നറിയുമ്പോള്‍ ഈ ബീയര്‍ മാമാങ്കത്തിന്റെ വലുപ്പം നമുക്ക് ഊഹിക്കാനാകും. 

അതിമനോഹരമായി ഒരുക്കിയിരിക്കുന്ന ടെന്റുകളില്‍ മാസ്മരികമായ ബവേറിയന്‍ സംഗീതത്തോടൊപ്പം ബീയര്‍ കുടിച്ചുകൊണ്ട് നൃത്തം ചവിട്ടുന്ന ആയിരങ്ങളെ നമുക്ക് കാണാനാകും. ബീയര്‍ മാത്രമല്ല രുചികരമായ വൈവിധ്യമാര്‍ന്ന ബവേറിയന്‍ ആഹാരവും നമ്മുടെ സന്ദര്‍ശനത്തെ മറക്കാനാകാത്ത അനുഭവമാക്കി മാറ്റുന്നു. 

ബീയര്‍ ടെന്റുകള്‍ക്കൊപ്പം സജ്ജീകരിച്ചിരിക്കുന്ന നൂറുകണക്കിന് ഫുഡ് ജോയിന്റുകളും എന്റര്‍ടെയിന്‍മെന്റ് റൈഡുകളും മ്യൂസിക് സ്റ്റാന്‍ഡുകളും മാന്ത്രികമായ അനുഭവമാണ് തെരേസിയന്‍ വീസയില്‍ സൃഷ്ടിക്കുന്നത്.  ഈമാസം 17നാരംഭിച്ച ഈവര്‍ഷത്തെ ഒക്ടോബര്‍ ഫെസ്റ്റ് അടുത്തമാസം മൂന്നുവരെ തുടരും. ഈ രണ്ടാഴ്ചകളില്‍ ഏകദേശം 80 ലക്ഷം ലീറ്റര്‍ ബീയര്‍ ഈ ടെന്റുകളില്‍ ഒഴുകും. 

ഭാഷയുടെയോ ദേശത്തിന്റെയോ വര്‍ണത്തിന്റെയോ വ്യത്യാസമില്ലാതെ ലക്ഷക്കണക്കിനാളുകള്‍ ലോകമെമ്പാടുംനിന്ന് ഇവിടെ വന്ന് ആഘോഷിക്കുന്ന ഈ ബിയര്‍ മാമാങ്കം ജീവിതത്തില്‍ ഒരിക്കലെങ്കിലും കാണാന്‍ കഴിയട്ടെ.

More Than Eight Million Tourists Expected To Attend Oktoberfest-2022 In Germany