റിട്ട. ജഡ്ജി, മുഖ്യമന്ത്രിയുടെ വിശ്വസ്ഥൻ‍! ആള്‍മാറാട്ടം പലവിധം, ഒടുവില്‍ കുടുങ്ങി

ഇറീഡിയം തട്ടിപ്പുക്കേസില്‍ തമിഴ്നാട്ടില്‍ അറസ്റ്റിലായ കെ. ബാലകൃഷ്ണമേനോന്റെ തൃശൂര്‍ മണ്ണംപേട്ടയിലെ വീട്ടില്‍ പൊലീസിന്റെ മിന്നല്‍പരിശോധനയില്‍ നിരവധി വ്യാജ രേഖകള്‍ കണ്ടെടുത്തു. സുപ്രീംകോടതിയിലെ റിട്ടയേര്‍ഡ് ജഡ്ജിയാണെന്ന വ്യാജേനയാണ് ബാലകൃഷ്ണമേനോന്‍ പലവേദികളിലും പ്രത്യക്ഷപ്പെട്ടിരുന്നത്.

തട്ടിപ്പുക്കേസില്‍ തമിഴ്നാട്ടില്‍ അറസ്റ്റിലായതോടെയാണ് കെ.ബാലകൃഷ്ണ മേനോന്റെ കള്ളി വെളിച്ചത്തായത്. സുപ്രീംകോടതിയില്‍ നിന്ന് ജഡ്ജിയായി വിരമിച്ച ശേഷം വിശ്രമജീവിതം നയിക്കുന്നതായി നാട്ടുകാരെ ആദ്യം വിശ്വസിപ്പിച്ചു. നാട്ടിലെ അഭിഭാഷകര്‍ക്ക് ആദ്യമേ സംശയം തോന്നി പരാതികള്‍ അയച്ചിരുന്നു. പിന്നെ, ജഡ്ജി പദവിയെക്കുറിച്ച് മിണ്ടാട്ടമില്ലാതെയായി. ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി, തമിഴ്നാട് ഗവര്‍ണറാകും, മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തന്‍ തുടങ്ങി വിവിധ കാര്യങ്ങള്‍ പറഞ്ഞ് ആളുകളെ കയ്യിലെടുക്കുകയാണ് പതിവ്. ചോദിക്കുന്നവര്‍ക്കെല്ലാം പിരിവ് നല്‍കും. 

ഇതോടെ, പിന്തുണയും കൂടി. ഇതിനിടെയാണ്, തമിഴ്നാട്ടിലെ കേസില്‍ കുടുങ്ങിയത്. അളഗപ്പനഗര്‍ പഞ്ചായത്തിലെ തണല്‍ സംഘടനയിലെ വയോധികരെ 1500 രൂപയ്ക്ക് തിരുവനന്തപുരത്തേയ്ക്ക് വിമാനയാത്രയും കന്യാകുമാരി വിനോദയാത്രയും വാഗ്ദാനം ചെയ്ത് പണം വാങ്ങിയിരുന്നു. പിന്നീട്, യാത്ര നടക്കാതെ വന്നപ്പോള്‍ ആളുകള്‍ ഏറെ കഷ്ടപ്പെട്ടാണ് പണം തിരിച്ചുകിട്ടിയത്.

കണ്ടെടുത്ത രേഖകളില്‍ പലതിലും ബാലകൃഷ്ണമേനോന്റെ ഇനീഷ്യല്‍ വേറെയാണെന്ന് പൊലീസ് പറയുന്നു. വിഗ്രഹ വില്‍പനയുടെ തെളിവുകളും കണ്ടെടുത്തു. തൃശൂരിലെ മിക്ക രാഷ്ട്രീയ പാര്‍ട്ടി പരിപാടികളിലും സ്ഥിരം സാന്നിധ്യമായിരുന്നു അറസ്റ്റിലായ ബാലകൃഷ്ണമേനോന്‍. ധൂര്‍ത്തടിച്ചിരുന്ന പണത്തിന്റെ ഉറവിടം പൊലീസ് അന്വേഷിക്കുന്നുണ്ട്.