ഒാട്ടോ ഡ്രൈവറെ കുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍

തിരൂര്‍ പറവണ്ണയില്‍ ഒാട്ടം പോവാന്‍ വിസമ്മതിച്ച ഒാട്ടോ ഡ്രൈവറെ കുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പറവണ്ണ സ്വദേശി ആദമാണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസം രാത്രിയാണ് പറവണ്ണ സ്വദേശി ജാസിമിനെ കൊലപ്പെടുത്തിയത് . 

മുന്‍പ് ഒാട്ടം പോയതുമായി ബന്ധപ്പെട്ട് ആദം ജാസിമിനു പണം നല്‍കാനുണ്ട്.  വീണ്ടും ഒാട്ടം പോവാന്‍ വിളിച്ചപ്പോള്‍ ഈ പണം നല്‍കാതെ ഇനി  പോവില്ലെന്ന് ജാസിം  പറഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. മദ്യ ലഹരിയിലായിരുന്ന ആദം കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ജാസിമിനെ കുത്തുകയായിരുന്നു. കോട്ടക്കലിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും ജാസിമിനെ രക്ഷിക്കാനായില്ല.ജാസിമിനെ കുത്തിയതിനു ശേഷം ഒാട്ടോയും പ്രതി തകര്‍ത്തിരുന്നു.ഇതിനിടെ പ്രതി ആദമിനും പരുക്കേറ്റിരുന്നു  കോട്ടക്കലിലെ സ്വകാര്യ ആശുപത്രില്‍ പ്രവേശിപ്പിച്ച പ്രതിയെ ആശുപത്രി വിട്ടതിനു ശേഷമാണ്  അറസ്റ്റു രേഖപ്പെടുത്തിയത്. 

സംഭവത്തില്‍ പങ്കുണ്ടെന്ന പരാതിയില്‍ ആദമിന്റെ ജ്യോഷ്ഠനെതിരെയും പൊലിസ് കേസെടുത്തിട്ടുണ്ട്. ജാസിമിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. കൊലപാതകത്തില്‍ പങ്കുള്ള ജ്യേഷ്ഠനെ അറസ്റ്റു ചെയ്തില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കാനാണ് തീരുമാനം. അറസ്റ്റിലായ ആദം സ്ഥിരമായി ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന ആളാണ്.നിരവധി കേസുകളില്‍ നേരത്തെ പ്രതിയായിട്ടുണ്ട്