പകൽ തയ്യൽക്കാരൻ, രാത്രി കൊലയാളി; കൊന്നത് 33 പേരെ; ഞെട്ടിക്കുന്ന കഥ

പകൽ ബോപ്പാലിലെ ചെറിയ കടയിൽ തുന്നൽ നടത്തി ഉപജീവനം. രാത്രി അതിക്രൂര കുറ്റകൃത്യങ്ങള്‍നടത്തുന്നത് സ്വപ്നം കാണൽ- വിചിത്രമായിരുന്നു ആദേശ് ഖമ്രയുടെ ശീലങ്ങൾ. സൂചിയിൽ നൂലു കൊരുത്ത് ഭംഗിയിൽ വസ്ത്രങ്ങൾ തുന്നുന്ന ആദേശിന് ഇത്രയും കഠിനകൃത്യങ്ങള്‍െചയ്യാൻ കഴിയുമോ എന്ന് സ്വപ്നത്തിൽ പോലും ആരും വിചാരിച്ചിരുന്നില്ല.

2010 ലായിരുന്നു തുടക്കം. ആദ്യത്തെ കൊല നടത്തിയത് അമരാവതിയിൽ. പിന്നെ നാസിക്കിൽ. ക്രമേണ മധ്യപ്രദേശിൻറെ പല ഭാഗങ്ങളിലും മൃതദേഹങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. മരിച്ച എല്ലാവർക്കും ഒരു പൊതുസവിശേഷത ഉണ്ടായിരുന്നു. എല്ലാവരും ട്രക്ക് ഡ്രൈവർമാരോ അല്ലെങ്കിൽ അവരുടെ സഹായികളോ ആയിരുന്നു. 

കഴിഞ്ഞയാഴ്ചയാണ് ആദേശ് പിടിയിലാകുന്നത്. അടുത്തിടെ നടന്ന രണ്ട് കൊലപാതകങ്ങളുടെ തുമ്പു തേടിയെത്തിയ പൊലീസിനു മുന്നിൽ ആദേശ് കുടുങ്ങുകയായിരുന്നു. എന്നാൽ തങ്ങളുടെ പിടിയിലായത് ഒരു പരമ്പര കൊലയാളിയാണെന്ന് പൊലീസിനും ആദ്യം മനസിലായിരുന്നില്ല. താൻ 30 പേരെ കൊന്നെന്നായിരുന്നു ആദ്യത്തെ മൊഴി. പിന്നീട് അത് 33 ആയി.  ഇന്ത്യയിലെ ഏറ്റവും വലിയ പരമ്പര കൊലയാളിയായ രാമന്‍രാഘവന്‍ കഴിഞ്ഞാല്‍ കൊലപാതകങ്ങളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനം ഇപ്പോള്‍ ആദേശിനാണ്. 

എന്തിനായിരുന്നു ഈ കൊലപാതകങ്ങൾ എന്നു ചോദിക്കുമ്പോൾ ആദേശ് ഒന്നുറക്കെ ചിരിക്കും. എന്നിട്ടു പറയും: ''അവർക്ക് മോചനം ലഭിക്കാൻ. അവർ കഠിനമായ ജീവിതമാണ് നയിച്ചിരുന്നത്. അവർത്ത് മുക്തി കൊടുക്കുകയായിരുന്നു എൻറെ ഉദ്ദേശ്യം''. 

അയൽക്കാരും വീട്ടുകാരുമെല്ലാം പരിഭ്രാന്തിയിലാണ്. ഇത്രയും കൊടുംഭീകരനാണ് തങ്ങളുടെ അടുത്ത് താമസിച്ചിരുന്നതെന്ന് അവർക്ക് ചിന്തിക്കാനാരകുന്നില്ല. 

കൊലപാതകങ്ങൾ ഇങ്ങനെ

മറ്റുള്ളവരോട് സൗമ്യമായി ഇടപഴകുന്ന ആളാണ് ആദേശ്. ലോറി ഡ്രൈവറുമായി ചങ്ങാത്തം കൂടിയ ശേഷം ഇയാള്‍ഇവർക്ക് മദ്യം നൽകി ബോധം കെടുത്തു. ചിലപ്പോൾ മദ്യത്തിൽ വിഷം ചേർക്കും. ശേഷം ഇരയുടെ വസ്ത്രങ്ങൾ നീക്കം ചെയ്ത് ശരീരം കയർ ഉപയോഗിച്ച് കെട്ടിയിടും. അനുയോജ്യമായ സ്ഥലത്തെത്തി മൃതദേഹങ്ങൾ പാലത്തിൽ നിന്ന് താഴേക്ക് വലിച്ചെറിയുകയോ കൊക്കയിൽ തള്ളുകയോ ചെയ്യും.

ആദേശിന് ചില സഹായികളും ഉണ്ടായിരുന്നു, ഇവരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ചെയ്ത കാര്യങ്ങളിൽ ഇയാൾക്ക് യാതൊരു കുറ്റബോധവും ഇല്ലെന്ന് പൊലീസ് പറയുന്നു.