മക്കളെയും മാതാപിതാക്കളെയും കൊന്നത് എലിവിഷം നൽകി; സൗമ്യയുടെ കുറ്റസമ്മത മൊഴി

തലശേരി പിണറായിയിൽ ഒരു കുടുംബത്തിലെ രണ്ടുകുട്ടികളടക്കം നാലുപേർ മരിച്ച സംഭവത്തിൽ പ്രതി സൗമ്യ കുറ്റം സമ്മതിച്ചു. പതിനൊന്നു മണിക്കൂറിലേറേ ചോദ്യം ചെയ്തതിനൊടുവിലായിരുന്നു അറസ്റ്റ്. മക്കളും മാതാപിതാക്കളുമടക്കം നാലുപേരാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. സൗമ്യയുടെ മാതാപിതാക്കളുടെ മൃതശരീരത്തില്‍ വിഷാംശം കണ്ടെത്തിയിരുന്നു.

കൊന്നത് എലിവിഷം നല്‍കി

സൗമ്യ മാതാപിതാക്കളെയും മകളെയും കൊന്നത് എലിവിഷം നല്‍കി. മകള്‍ക്ക് ചോറിലും  അച്ഛന് രസത്തിലും അമ്മയ്ക്ക് മീന്‍കറിയിലും വിഷംനല്‍കി.

ഇളയമകള്‍ കീര്‍ത്തനയുടേത് സ്വാഭാവികമരണമെന്നും മൊഴിയിലുണ്ട്. കൊലപാതകങ്ങള്‍ അവിഹിതബന്ധങ്ങള്‍ക്ക് തടസം നീക്കാനെന്നും മൊഴി.  

നാലുപേരും കൊല്ലപ്പെട്ടതാകാമെന്ന സൂചനയിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നുള്ള നിർദേശ പ്രകാരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ഏറ്റെടുത്തു. സൗമ്യയുടെ  മാതാപിതാക്കളുടെ  മൃതശരീരത്തിൽ അലുമിനിയം ഫോസ്ഫൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ്  നാലുപേരുടെ മരണത്തിൽ ദുരൂഹത ബലപ്പെട്ടത്. 

തലശേരി എഎസ്പിയുടെയും ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെയും മേൽനോട്ടത്തിലായിരുന്നു ചോദ്യം ചെയ്യൽ. എന്നാൽ അന്വേഷണത്തോട് സൗമ്യ വേണ്ട രീതിയിൽ സഹകരിച്ചിരുന്നില്ല. ഛര്‍ദിയെ തുടര്‍ന്നാണ് സൗമ്യയുടെ അച്ഛൻ കുഞ്ഞിക്കണ്ണനും  അമ്മ കമലയും രണ്ട് പെൺമക്കളും മരിച്ചത്. ഒരേ ലക്ഷണങ്ങളോടെ മരണങ്ങള്‍ നടന്നതിന്റെ പശ്ചാത്തലത്തിലാണ് ബന്ധുക്കള്‍ പരാതി  നല്‍കിയതും പൊലീസ് അന്വേഷണം  തുടങ്ങിയതും.  

ഛര്‍ദിയെ തുടര്‍ന്ന് സൗമ്യ ആശുപത്രിയിലായിരുന്നതിനാല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിനായിരുന്നില്ല.  സൗമ്യയെക്കുറിച്ചും മരണങ്ങളെക്കുറിച്ചും നടന്ന അന്വേഷണത്തെ തുടര്‍ന്നാണ് പൊലീസ് സൗമ്യയെ കസ്റ്റഡിലെടുത്തത്. എലിവിഷത്തില്‍ അടക്കമുളള  അലുമിനിയം ഫോസ്ഫൈഡ് എങ്ങനെ മരണപ്പെട്ടവരുടെ ഉളളിലെത്തി എന്നാണ് പൊലീസ് അന്വേഷണം.  

സൗമ്യയുടെ വീടുമായി ബന്ധപ്പെട്ടിരുന്ന ചിലർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ജനുവരിയിൽ മരിച്ച സൗമ്യയുടെ മൂത്തമകളായ ഐശ്വര്യയുടെ മൃതദേഹം ഇന്നലെ പുറത്തെടുത്ത്  പോസ്റ്റ്മോർട്ടം  നടത്തിയിരുന്നു. 

മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീടിന് തൊട്ടടുത്താണ് ദുരന്തം നടന്നത് എന്നതിനാല്‍ അദ്ദേഹം നിരന്തരം കേസിന്‍റെ പുരോഗതി ചോദിച്ചറിയുന്നുമുണ്ട്. ഇതും പൊലീസിന് വെല്ലുവിളിയാണ്.  എലിവിഷത്തിന്റെ പ്രധാനഘടകമായ അലൂമിനിയം ഫോസ്ഫൈഡാണ് ശരീരത്തിനുള്ളിൽ നിന്നും കണ്ടെടുത്തത്. എന്നാല്‍ ഇതേ അസുഖവുമായി സൗമ്യ എങ്ങനെ ആശുപത്രിയിലായി എന്നതാണ് പ്രധാന ചോദ്യം.