അധ്യാപിക വിദ്യാർത്ഥിനികളോട് പറഞ്ഞു; 'അയാൾക്ക് വഴങ്ങിയാൽ ഉയരങ്ങളിലെത്താം'

ദൈവത്തെ പോലെ കണ്ടിരുന്ന അധ്യാപികയുടെ ഭാഗത്തു നിന്ന് ഇത്തരത്തിലൊരു നീക്കമുണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും അവർ കരുതിയിരുന്നില്ല. സർവകലാശാല അധികൃതർക്ക് വഴങ്ങി കൊടുക്കാൻ വിദ്യാർഥിനികളെ നിർബന്ധിച്ചുവെന്ന ആരോപണത്തിൽ വിരുദുനഗര്‍ ദേവാംഗ കോളജിലെ ഗണിതശാസ്ത്ര വിഭാഗത്തിലെ പ്രൊഫസര്‍ നിര്‍മല ദേവിയെ അറസ്റ്റ് ചെയ്യുമ്പോൾ ഞെട്ടലിലാണ് തമിഴ്നാട്.

സര്‍വകലാശാലയിലെ പ്രമുഖനുമായി സഹകരിച്ചാല്‍ നേട്ടങ്ങളുണ്ടാകുമെന്ന് ഫോണിലൂടെ പറഞ്ഞത് വിദ്യാര്‍ഥിനികള്‍ റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ടതോടെയാണ് അധ്യാപികയുടെ തനിനിറം പുറംലോകം അറിഞ്ഞത്. മധുരൈ കാമരാജ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള ദേവാംഗ കോളജിലെ  നാല് പെണ്‍കുട്ടികളെയാണ് അധ്യാപിക ഫോണിലൂടെ അനാശാസ്യത്തിന് നിര്‍ബന്ധിച്ചത്. മധുര കാമരാജ് സർവകലാശാല രജിസ്ട്രാറുടെ പരാതിയെ തുടർന്നാണ് അധ്യാപികയ്ക്കെതിരെ നടപടിയെടുത്തത്. സംഭവം പുറത്തായതോടെ അധ്യാപിക ഒളിവിൽ പോയി. അറുപ്പുകോട്ടൈയ്ക്കടുത്ത വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന അധ്യാപികയെ വീട്ടിന്റെ പൂട്ടുതുറന്നു അകത്തു കയറിയാണ് അറസ്റ്റ് ചെയ്തത്. 

മധുരൈ കാമരാജ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള ദേവാംഗ കോളജിലെ  നാല് പെണ്‍കുട്ടികളെയാണ് അധ്യാപിക ഫോണിലൂടെ അനാശാസ്യത്തിന് നിര്‍ബന്ധിച്ചത്. പെണ്‍കുട്ടികളുമായി നടത്തിയ പത്തൊന്‍പത് മിനിറ്റ് ദൈർഘ്യമുളള ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. ചില കാര്യങ്ങളില്‍ സഹകരിച്ചാല്‍ നേട്ടങ്ങള്‍ ഉണ്ടാകുമെന്നും സര്‍വകലാശാലയില്‍ തന്നെ പഠിക്കാമെന്നും വൈസ് ചാന്‍സിലര്‍ പദവിക്കു വരെ രാഷ്ട്രീയ സ്വാധീനം ആവശ്യമുണ്ടെന്നും അധ്യാപിക പറയുന്നുണ്ട്. അവസരം ഉപയോഗപ്പെടുത്തണം വീട്ടുകാരോട് പറയരുത് ഉയരങ്ങളിലെത്താം തുടങ്ങി നിരവധി വാഗ്ദാനങ്ങള്‍ നല്‍കി പ്രലോഭിക്കാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ഥിനികള്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണ് ചെയ്തത്. 

പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലും ഓഡിയോ ക്ലിപ് പരിശോധിച്ചതിന് ശേഷവും അധ്യാപികയെ വിരുദ നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു  തമിഴ്നാട് ഗവര്‍ണറുമായി തനിക്ക് ബന്ധമുണ്ടെന്നും അധ്യാപിക പറയുന്നുണ്ട്. ഇത് പുതിയ വിവാദത്തിന് തുടക്കമിട്ടു. ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തെ ഒരു ഗവര്‍ണര്‍ക്കെതിരെ  ലൈഗീകാരോപണം നിലനില്‍ക്കുന്നുണ്ടെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു.