ശ്രീജിത്തിന്റെ വാദങ്ങള്‍ തള്ളി അന്വേഷണസംഘം

സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിന്റെ വാദങ്ങള്‍ തള്ളി അന്വേഷണസംഘം. ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജീവിന്റേത് കൊലപാതകമല്ലെന്നും ആത്മഹത്യയാണെന്നും പൊലീസ് പറയുന്നു. കൊലപാതകമെന്ന് പൊലീസ് കംപ്ളയിന്റ് അതോറിറ്റി കണ്ടെത്തിയത് ആധികാരിക തെളിവുകളില്ലാതെയെന്നും ജസ്റ്റിസ് നാരായണകുറുപ്പിന് ഗൂഡലക്ഷ്യമെന്നും മുന്‍ അന്വേഷണസാംഘാഗം സി. മോഹനന്‍ ഫെയ്സ്ബുക്കിൽ  ആരോപിച്ചു. 

സഹോദരന്‍ ശ്രീജീവിനെ മര്‍ദിച്ചും വിഷം കൊടുത്തും പൊലീസുകാര്‍ കൊലപ്പെടുത്തിയെന്ന് ആരോപിച്ചാണ് ശ്രീജിത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം തുടരുന്നത്. പൊലീസ് കംപ്ളയിന്റ് അതോറിറ്റി ഇത് ശരിവച്ചതാണ് സമരത്തിന് ബലം നല്‍കുന്നതും. എന്നാല്‍ ഈ രണ്ട് വാദങ്ങളെയും പൂര്‍ണമായും തള്ളിക്കളയുകയാണ് അന്വേഷണസംഘം. അടിവസ്ത്രത്തില്‍ സൂക്ഷിച്ചിരുന്ന ഫ്യൂരിഡാന്‍ കഴിച്ച് ശ്രീജീവ് ആത്മഹത്യ ചെയ്തതാണെന്നും മര്‍ദനത്തിന്റെയോ കൊലപാതകത്തിന്റെയോ യാതൊരു തെളിവും ലഭിച്ചില്ലെന്നും എ.ഡി.ജി.പിയുടെ നേതൃത്വത്തിലെ അന്വേഷണസംഘത്തിലുണ്ടായിരുന്ന എസ്. ഐ സി.മോഹനനന്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടത്തിലും ശാസ്ത്രീയ പരിശോധനയിലും വിഷംമൂലമാണ് മരണമെന്ന് തെളിഞ്ഞു. അന്വേഷണത്തില്‍ കണ്ടെടുത്ത ആത്മഹത്യാകുറിപ്പ് ശ്രീജീത്തിന്റേതാണെന്ന് ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായെന്നും പൊലീസ് പറയുന്നു. 

കൊലപാതകമെന്ന് സ്ഥിരീകരിക്കാനായി ജസ്റ്റിസ് നാരായണകുറുപ്പ് കണ്ടെത്തിയ തെളിവുകളെയും പൊലീസ് നിഷേധിക്കുകയാണ്. ശ്രീജീവ് വിഷം കഴിച്ചെന്ന പാറാശാല താലൂക്ക് ആശുപത്രിയിലെ ഡോക്ടറും സ്റ്റേഷനിലുണ്ടായിരുന്ന തടവുകാരനും മൊഴി നല്‍കിയെങ്കിലും നാരായണകുറുപ്പ് ‍രേഖപ്പെടുത്തിയില്ല. ആത്മഹത്യാകുറിപ്പിലെ കയ്യക്ഷരം ശ്രീജീവിന്റേതല്ലെന്ന് തെളിയിക്കാനായി പൊലീസ് കംപ്ളയിന്റ് അതോറിറ്റി ആശ്രയിച്ചത് ശാസ്ത്രീയ പരിശോധനയല്ലെന്നും കയ്യെഴുത്ത് പരിശോധന വിദഗ്ധനെ മാത്രമാണെന്നും. സി. മോഹനന്‍ ആരോപിക്കുന്നു. ശ്രീജിത്തിന്റെ സമരം ശ്രദ്ധയാകര്‍ഷിച്ചതോടെ ഇത്തരം വാദങ്ങളടങ്ങിയ സന്ദേശം പൊലീസുകാര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുമുണ്ട്.