സുഹൃത്തിന്റെ കാറുമായി എത്താമെന്ന് പറഞ്ഞു; യുവാവിനെ ഒരുമാസമായി കാൺമാനില്ല

മലപ്പുറം കാളികാവിൽ ദൂരൂഹ സാഹചര്യത്തിൽ കാണാതായ യുവാവിനെ ഒരു മാസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. മാളിയേക്കൽ സ്വദേശി ബിജുമോനെയാണ് കാണാതായത്. ബിജുമോനായുള്ള അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലിസ് മേധാവിയെ സമീപിച്ചിരിക്കുകയാണ് കുടുംബം 

ഒക്ടോബർ രണ്ടിനാണ് ബിജുമോനെ കാണാതായത്. കെട്ടിട നിർമാണവുമായി കരാറുകാരനാണ് ബിജു. ആശുപത്രിയിൽ പോവുന്നതിനായി സുഹൃത്തിന്റെ കാറുമായി വരാമെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാണ്.ചോക്കാടു വച്ച് ബിജുമോന്റെ ബൈക്ക് കണ്ടെത്തി.വനാതിർത്തിയായ ചിങ്കക്കല്ലിലേക്ക് ഒാട്ടോ വിളിച്ചു പോയതായും വിവരം ലഭിച്ചു.

എന്നാൽ അമ്പത് രൂപയിൽ താഴെ മാത്രം കൂലി വരുന്ന സ്ഥലത്തേക്ക് 500 രൂപ നല്കിയാണ് ബിജുമോൻ പോയത്.ഇതാണ് നാട്ടുകാരിലും പൊലിസിലും സംശയം ഉണ്ടാക്കുന്നത് കാണാതാവുന്നതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിൽ ബിജുമോൻ മാനസികമായി അസ്വസ്ഥനായിരുന്നുവെന്ന് കുടുംബം പറയുന്നു.പൊലിസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും തുമ്പുണ്ടാകുന്നില്ലെന്ന് കുടുംബം പറയുന്നു.