നീറ്റ് പരീക്ഷ വിവാദം; അന്വേഷണ സംഘത്തിൽ മലയാളികളും; നാലാഴ്ചക്കകം റിപ്പോർട്ട്

കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷ വിവാദം അന്വേഷിക്കാന്‍ മലയാളികള്‍ ഉള്‍പ്പെട്ട സംഘത്തെ നാഷണൽ ടെസ്റ്റിങ് ഏജൻസി നിയോഗിച്ചു. ‌എൻടിഎയ്ക്ക് തെറ്റായ റിപ്പോർട്ട് നൽകിയ അധ്യാപകൻ പ്രിജി കുര്യൻ ഐസക്കിനോട് മാര്‍ത്തോമ്മാ കോളജ് ഗവേണിങ് ബോഡി വിശദീകരണം തേടി. യഥാർത്ഥ പ്രതികളെയല്ല പൊലീസ് അറസ്റ്റ് ചെയ്തത് എന്നാരോപിച്ച് റിമാൻഡിലായവരുടെ ബന്ധുക്കൾ രംഗത്തെത്തി. 

നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനികളുടെ ഉൾവസ്ത്രം അഴിപ്പിച്ചതിൽ എന്‍ടിഎ മൂന്നുപേരേയാണ് അന്വേഷണത്തിന് നിയോഗിച്ചത്. നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കും. എൻടിഎ സീനിയർ ഡയറക്ടർ സാദന പരാശർ, തിരുവനന്തപുരം സരസ്വതി വിദ്യാലയ പ്രിൻസിപ്പാൾ ഒ.ആർ. ഷൈലജ, എറണാകുളം പ്രകൃതി അക്കാദമിയിലെ സുചിത്ര ഷൈജിനിത്ത് എന്നിവരാണ് സംഘത്തില്‍. കോളജ് സന്ദര്‍ശിക്കുകയും വിദ്യാർഥികളെ നേരില്‍കണ്ട് വിവരങ്ങള്‍ തേടുകയും ചെയ്യും. പരീക്ഷയുടെ ഉത്തരവാദിത്തം സ്വകാര്യ ഏജൻസി ചുമതലപ്പെടുത്തിയ ജീവനക്കാർക്കാണെന്നും ബയോമെട്രിക് ഉള്‍പ്പെടെ ഒരു പരിശോധനയിലും കോളജ് ഇടപെട്ടില്ലെന്നും കോളജ് മാനേജ്മെന്റ് ആവര്‍ത്തിച്ചു. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്തയുടെ അധ്യക്ഷതയില്‍ മാര്‍ത്തോമ്മ സഭയുടെ കൊട്ടാരക്കര ബിഷപ് ഹൗസില്‍ ചേര്‍ന്ന ഗവേണിങ് ബോഡി സ്ഥിതി വിലയിരുത്തി. എന്‍ടിഎ അന്വേഷണത്തോട് മാനേജ്മെന്റ് സഹകരിക്കും. റിമാൻഡിലായ ശുചീകരണ ജീവനക്കാർക്ക് നിയമസഹായം നല്‍കും. പരീക്ഷാ കേന്ദ്രത്തില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്ന് എൻഡിഎയ്ക്ക് തെറ്റായ റിപ്പോർട്ട് നൽകിയ കോളജ് അധ്യാപകൻ പ്രിജി കുര്യൻ ഐസക്കിനോട് വിശദീകരണം തേടിയെന്ന് സെക്രട്ടറി വ്യക്തമാക്കി.

            

കുട്ടികൾക്ക് വസ്ത്രം മാറാൻ മുറി തുറന്നു കൊടുക്കുക മാത്രമാണ് ചെയ്തതെന്നും സ്വകാര്യ ഏജന്‍സിയാണ് കുറ്റക്കാരെന്നും റിമാന്‍ഡ‍ിലായ കോളജ് ശുചീകരണ ജീവനക്കാരുടെ ആരോപണം. നിരപരാധികളെ പ്രതിയാക്കിയെന്ന് ആരോപിച്ച് ചടയമംഗലം പൊലീസ് സ്റ്റേഷന് മുന്നിൽ റിമാൻഡിലായവരുടെ ബന്ധുക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കോളജിന്റെ ജനല്‍ചില്ലുകള്‍ അടിച്ചു തകർത്തതിന് പിടിയിലായ എബിവിപി കൊല്ലം സംഘടനാ സെക്രട്ടറി കെ.എം.വിഷ്ണുവിനെ കോടതി റിമാൻഡ് ചെയ്തു. പൊലീസ് അതിക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എബിവിപി പ്രവർത്തകർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. ബിജെപി പ്രവർത്തകർ ചടയമംഗലം പോലീസ് സ്റ്റേഷനിലേക്കും മാർച്ച് നടത്തി കേസിൽ റിമാൻഡിലായവര്‍ യഥാർത്ഥ പ്രതികൾ ആണോ എന്നതിൽ രണ്ട് അഭിപ്രായമുണ്ട്. അന്വേഷണം തുടരുമെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നുമാണ് പോലീസ് പറയുന്നത്.