kardukka

TOPICS COVERED

കാസർകോട് കാറഡുക്ക സഹകരണ സംഘത്തിലെ തട്ടിപ്പ് കേസിലെ പ്രതി കെ. രതീശന്  രക്ഷപ്പെടാൻ വഴിയൊരുക്കിയത് പരാതി നൽകുന്നതിലുണ്ടായ കാലതാമസം. ഏപ്രിൽ 30ന് രതീശന്റെ ആദ്യ തട്ടിപ്പ് കണ്ടെത്തിയിട്ടും രണ്ടാഴ്ച കഴിഞ്ഞാണ് പൊലീസിൽ പരാതി നൽകുന്നത്. അതേസമയം കസ്റ്റഡിയിലെടുത്ത് സഹകരണ സംഘത്തിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ഇന്ന് പരിശോധിക്കും. 

ഏപ്രിൽ 30ന് കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നടത്തിയ ഓഡിറ്റിങ്ങിലാണ് രതീശൻ സ്വർണപ്പണയത്തിൽ നടത്തിയ തട്ടിപ്പ് സഹകരണവകുപ്പ് കണ്ടെത്തിയത്. അന്ന് തന്നെ ഭരണസമിതിയെ തട്ടിപ്പ് വിവരം രേഖാമൂലം അറിയിച്ചു. എന്നാൽ ഭരണസമിതി പൊലീസിൽ പരാതി നൽകാതെ മെയ് 13നുള്ളിൽ മുഴുവൻ പണവും തിരിച്ചടയ്ക്കാൻ രതീശന് നിർദ്ദേശം നൽകുകയായിരുന്നു. ഇയാളോട് അവധിയിൽ പോകാനും നിർദ്ദേശിച്ചു. എന്നാൽ അവധിയിലിരിക്കെ മെയ് 9ന് സഹകരണ സംഘത്തിൽ എത്തി രതീശൻ ലോക്കർ തുറന്ന് സ്വർണം എടുക്കുകയായിരുന്നു. ഇതുവഴി രതീശന് രക്ഷപ്പെടാനുള്ള സമയം ഭരണസമിതിയും പാർട്ടിയും നൽകിയെന്ന് വ്യക്തം.

മാർച്ച്‌ 31ന് നടത്തിയ പിരിയോഡിക്കൽ ഇൻസ്‌പെക്ഷന്റെ റിപ്പോർട്ടിൽ സ്വർണപ്പണയ വായ്പയ്ക്ക് തുല്യമായ സ്വർണം ലോക്കറിൽ ഉണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ജനുവരി മുതൽ തട്ടിപ്പ് നടത്തിയെന്നാണ് പ്രസിഡന്റ് സൂപ്പി നൽകിയ പരാതിയിൽ പറയുന്നത്. എങ്കിൽ എന്ത് കൊണ്ട് മാർച്ചിലെ പരിശോധനയിൽ തട്ടിപ്പ് കണ്ടെത്താനായില്ല എന്ന ചോദ്യവും പ്രസക്തമാണ്. 

ENGLISH SUMMARY:

Karadukka society scam the culrpit escapes because the complaint was given late