ഉൾവസ്ത്രം അഴിച്ച് പരിശോധന: 5 പ്രതികളും റിമാന്‍ഡിൽ; ജാമ്യാപേക്ഷ തള്ളി

കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനിയുടെ ഉള്‍വസ്ത്രം അഴിപ്പിച്ച കേസില്‍ അറസ്റ്റിലായ അഞ്ചുപ്രതികളുടെയും ജാമ്യാപേക്ഷ തള്ളി. കൊല്ലം കടയ്ക്കല്‍ മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ തള്ളിയത്. ‌ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കൂടുതല്‍ പ്രതികളെ പിടികൂടാനുള്ളതിനാല്‍ ജാമ്യം നല്‍കരുതെന്ന  പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.  

ഉൾവസ്ത്രമഴിപ്പിച്ചെന്ന പരാതിയില്‍  കേന്ദ്രസർക്കാർ അന്വേഷണ സമിതി രൂപീകരിച്ചു. ദേശീയ ടെസ്റ്റിങ് ഏജൻസിയാണ് അന്വേഷണ സമിതി രൂപീകരിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് നടപടി. എല്ലാ വസ്തുതകളും പരീക്ഷാ കേന്ദ്രത്തിൽ ഉണ്ടായിരുന്നവരിൽ നിന്ന് കണ്ടെത്താൻ വിദ്യാഭ്യാസ മന്ത്രാലയം എൻടിഎയോട് ആവശ്യപ്പെട്ടു.