ഉള്‍വസ്ത്രം അഴിച്ച് പരിശോധന: അധ്യാപകർ ഉൾപ്പടെ അഞ്ചുപേര്‍ക്ക് ജാമ്യം

കൊല്ലം ആയൂര്‍ മാര്‍ത്തോമ്മാ കോളജില്‍ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനികളുടെ ഉള്‍വസ്ത്രം അഴിപ്പിച്ച കേസില്‍ അറസ്റ്റിലായ ഏഴു പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. ഇന്ന് പുലര്‍ച്ചെ അറസ്റ്റിലായ നീറ്റ് പരീക്ഷയുടെ നിരീക്ഷകനും സൂപ്രണ്ടും ജാമ്യം ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. പരീക്ഷാ നടത്തിപ്പുകാരായ തിരുവനന്തപുരത്തെ സ്റ്റാര്‍ സെക്യൂരിറ്റീസിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. നീറ്റ് പരീക്ഷയുടെ സെന്റര്‍ സൂപ്രണ്ടും ആയൂര്‍ മാര്‍ത്തോമ്മാ കോളജിലെ പ്രഫസറുമായ പ്രിജി കുര്യന്‍ െഎസക്,  പെരിങ്ങമല ഇക്ബാല്‍ കോളജിലെ അസിസ്റ്റന്റ് പ്രഫസറും നീറ്റ് പരീക്ഷാ നിരീക്ഷകനുമായ ഡോക്ടര്‍ ജെ ഷംനാദ്, സ്റ്റാര്‍ സെക്യൂരിറ്റിസീന്റെ ഉപകരാറിലൂടെ ജോലിക്കെത്തിയ ചടയമംഗലം സ്വദേശിനി ഗീതു, മഞ്ഞപ്പാറ സ്വദേശിനികളായ ബീന, ജോത്സന,  കോളജിലെ ശുചീകരണ ജീവനക്കാരായ എസ് മറിയാമ്മ, കെ. മറിയാമ്മ എന്നിവര്‍ക്കാണ് കടയ്ക്കല്‍ കോടതി ജാമ്യം നല്‍കിയത്. മാധ്യമവാര്‍ത്തകളുടെയും സമരങ്ങളുടെയും പേരിലാണ് അറസ്റ്റ് ചെയ്തതെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. പ്രിജി കുര്യനെയും ഡോക്ടര്‍ ഷംനാദിനെയും ഇന്ന് പുലര്‍ച്ചെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. 

പരീക്ഷാ നടത്തിപ്പില്‍ മേല്‍നോട്ട ചുമതലയുണ്ടായിരുന്ന ഇരുവരും നീറ്റ് മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. പരീക്ഷാ നടത്തിപ്പ് ഏറ്റെടുത്തിരുന്ന തിരുവനന്തപുരത്തെ സ്റ്റാര്‍ സെക്യൂരിറ്റീസിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്്. എന്‍ടിഎയും സ്റ്റാര്‍ സെക്യൂരിറ്റിയും തമ്മിലുളള കരാര്‍ കരുനാഗപ്പളളിയിലെ വിമുക്തഭടന്‍ വഴി മഞ്ഞപ്പാറ സ്വദേശിയായ ബേക്കറി ഉടമ ജോബി ഏറ്റെടുത്തത് ഗുരുതര വീഴ്ചയാണ്. പൊലീസ് അന്വേഷണം തുടരുകയാണ്. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ അന്വേഷണസംഘവും വൈകാതെ കൊല്ലത്തെത്തും. പരീക്ഷ നടന്ന ആയൂര്‍ മാര്‍ത്തോമ്മാ കോളജ് സന്ദര്‍ശിക്കുകയും പരാതിക്കാരായ വിദ്യാര്‍ഥിനികളെ നേരില്‍ കാണുകയും ചെയ്യുമെന്നാണ് അറിയിപ്പ്.