പന്തീരങ്കാവ് കേസ്; പൊലീസിനെതിരെ ഡിവൈഎഫ്ഐ

Pantheerankavu-case
SHARE

പന്തീരങ്കാവ് സംഭവത്തില്‍ പൊലീസിനെതിരെ ഡിവൈഎഫ്ഐ. അന്വേഷണത്തില്‍ വീഴ്ചവരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. സ്ത്രീധനത്തിന്‍റെ പേരില്‍ യുവതിക്ക് ക്രൂരമായ മര്‍ദനമാണ് നേരിട്ടത്.  കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം സ്ത്രീപക്ഷ കേരളത്തിനും ജനകീയ പൊലീസ് നയത്തിനും അപമാനകരമായ നിലപാടാണ് പന്തീരങ്കാവ് പൊലീസിലെ ചില ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. ഈ ഉദ്യോഗസ്ഥകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ഡിവൈഎഫ്ഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

നവവധുവിനെ മര്‍ദിച്ച കേസിന്‍റെ അന്വേഷണത്തില്‍ പന്തീരങ്കാവ് പൊലീസീന് വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. കേസിന്‍റെ അന്വേഷണം ഫറോക് എസിപിക്ക് കൈമാറിയതിന് പിന്നാലെ പ്രതി രാഹുലിന്‍റെ ലുക്കൗട്ട് നോട്ടിസും പുറത്തിറക്കി. രാഹുലിന് ഒളിവില്‍പോകാന്‍ പൊലീസ് ഒത്താശചെയ്തെന്ന് ആരോപണവുമായി നവവധുവിന്‍റെ പിതാവ് രംഗത്തെത്തി. 

യുവതിക്കും കുടുംബത്തിന്‍റെയും ആരോപണങ്ങള്‍ ശരിവെച്ചാണ് പന്തീരങ്കാവ് സിഐയെ അന്വേഷണത്തില്‍ നിന്ന് മാറ്റിയത്. കേസെടുക്കുന്നത് മുതല്‍ അന്വേഷണത്തില്‍ വരെ പന്തീരങ്കാവ് പൊലീസിന്‍റെ ഇരട്ടതാപ്പ് പ്രകടം. പ്രതിക്കെതിരെ ചുമത്തിയത് ദുര്‍ബലമായ വകുപ്പുകള്‍. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുന്നതിലടക്കം വീഴചയുണ്ടായി. പ്രതി രാഹുല്‍ പൊലീസീന്‍റെ മൂക്കിന് കീഴെയുണ്ടായിട്ടും പിടികൂടിയില്ല രക്ഷപ്പെടാനും അവസരമൊരുക്കി. ഇന്നലെ ഉച്ചയ്ക്കാണ് മകന്‍ വീട്ടില്‍ നിന്ന് പോയതെന്ന് രാഹുലിന്‍റെ അമ്മ തന്നെ വ്യക്തമാക്കുന്നു.  

ഫറോക്ക് എസിപി സജു കെ ഏബ്രഹാം അന്വേഷണം ഏറ്റെടുത്തതോടെ നടപടികള്‍ക്ക് വേഗം കൂടി. രാഹുല്‍ വിദേശത്തേക്ക് കടക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയത്. വധുവിന്‍റെ വിശദമായ മൊഴിയും ഇന്ന് രേഖപ്പെടുത്തും. രാഹുലെവിടെയെന്ന് കണ്ടെത്താനും അന്വേഷണം ഊര്‍ജിതമാക്കി. എസിപിയുടെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പുതിയ സംഘത്തില്‍ വിശ്വാസമെന്നും, നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചു.  

MORE IN BREAKING NEWS
SHOW MORE