പ്രതിഷേധം കടുപ്പിച്ച് ഡോക്ടര്‍മാര്‍; വഴിതടഞ്ഞതിന് കേസ്

നീറ്റ്, പിജി കൗണ്‍സലിങ് വൈകുന്നതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ റസിഡന്‍റ് ഡോക്ടര്‍മാര്‍ പ്രതിഷേധം കടുപ്പിക്കുന്നു. രണ്ടാഴ്ചയായി പണിമുടക്കിലുള്ള ഡോക്ടര്‍മാര്‍ ഇന്നും പരസ്യപ്രതിഷേധം തുടരും. 24 മണിക്കൂറിനുള്ളില്‍ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ നാളെ മുതല്‍ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന് എയിംസിലെ റസിഡന്റ് ഡോക്ടര്‍മാരും അറിയിച്ചു. ഇന്നലെ വഴിതടഞ്ഞ് സമരംചെയ്ത ‍ഡോക്ടര്‍മാക്കെതിരെ പൊലീസ് കേസെടുത്തു. പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസിനെ തടഞ്ഞതിനുമാണ് കേസ്. പൊലീസ് നടപടിയില്‍  പ്രതിഷേധിച്ച് നാളെ മുതല്‍ രാജ്യത്താകെ ഡോക്ടര്‍മാര്‍ ഡ്യൂട്ടി ബഹിഷ്കരിക്കണമെന്ന് ഫെഡറേഷന്‍ ഒാഫ് ഒാള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്തു.