നീറ്റ് റദ്ദാക്കാനുള്ള ബില്ലിൽ വിവാദം; കേന്ദ്രത്തിനെതിരെ തുറന്ന പോരിന് തമിഴ്നാട്

നീറ്റ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ തുറന്ന പോരുമായി തമിഴ്നാട്. നീറ്റ് ഒഴിവാക്കാന്‍ ഉദ്ദേശിച്ചുള്ള ബില്ല് ഗവര്‍ണര്‍ തിരിച്ചയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിച്ചു. ഇതോടെ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള  ബില്ലില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാവും. ഭരണഘടന പ്രതിസന്ധിയുണ്ടാവുമെന്ന സൂചന പുറത്തുവന്നതോടെ ഗവര്‍ണര്‍ അഭയം തേടി.

നീറ്റ് റദ്ദാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലില്‍ ഒപ്പിടാതെ ഗവര്‍ണര്‍ ആര്‍.എന്‍. രവി വ്യാഴാഴ്ചയാണു തിരിച്ചയച്ചത്. വിദ്യാര്‍ഥി വിരുദ്ധമാണു ബില്ലെന്ന് കാട്ടിയാണ് ഗവര്‍ണറുടെ നടപടി. പിന്നാലെ മുഖ്യമന്ത്രി സര്‍വ കക്ഷി യോഗം വിളിച്ചു. ഈ യോഗത്തിലാണു ബില്ല് നിയമസഭയില്‍ വീണ്ടും അവതരിപ്പിക്കാനും മാറ്റം വരുത്താതെ ഗവര്‍ണര്‍ക്ക് അയക്കാനും തീരുമാനിച്ചത്. ഇതിനായി ചൊവാഴ്ച്ച നിയമസഭ ചേരും

ബില്ലുകള്‍ രണ്ടാമതും അയച്ചാല്‍ ഗവര്‍ണര്‍മാര്‍ ഒപ്പിടുന്നതാണു നിലവിലെ കീഴ്്വഴക്കം. ഇക്കാര്യം മുന്‍കൂട്ടി കണ്ടാണു ഗവര്‍ണര്‍ അടിയന്തരമായി ഡല്‍ഹിയിലേക്കു പോകുന്നത്. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. ഇതനുസരിച്ചായിരിക്കും ഗവര്‍ണറുടെ തുടര്‍നിലപാടുകള്‍. തുടക്കം മുതല്‍ നീറ്റ് റദ്ദാക്കണമെന്നാണു തമിഴ്നാട് ആവശ്യപ്പെടുന്നത്. വിദ്യാര്‍ഥി വിരുദ്ധമെന്നതിനപ്പുറം സംസ്ഥാനങ്ങളുടെ അധികാരത്തിലേക്കുള്ള കൈക്കടത്തലാണു നീറ്റ് നിയമം എന്നാണ് വാദം. ബി. ജെ.പി ഒഴികെയുള്ള പാര്‍ട്ടികളെല്ലാം നീറ്റ് റദ്ദാക്കണമെന്ന നിലപാടിലാണ്.