കേരള കോണ്‍ഗ്രസിനെ യുഡിഫിലേക്ക് ക്ഷണിച്ച് വീക്ഷണം; ജോസ് കെ മാണിക്ക് വിമര്‍ശനം

veekshanam
SHARE

കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് തിരിച്ചുവരുന്നതാണ് നല്ലതെന്ന് കോൺഗ്രസ്. രാജ്യസഭാ സീറ്റിനെച്ചൊലി എൽഡിഎഫിൽ സിപിഐ - കേരളാ കോൺഗ്രസ് എം തർക്കം രൂക്ഷമായിരിക്കെയാണ് മുഖപത്രത്തിലെ മുഖപ്രസംഗത്തിലൂടെയുള്ള കോൺഗ്രസിന്‍റെ ക്ഷണം. അതേസമയം, കേരളാ കോൺഗ്രസിന്റെ UDF പ്രവേശനം കോണ്‍ഗ്രസിന്റെ മുൻപിലില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. 

കെ.എം മാണിയെ പുകഴ്ത്തിയും ജോസ് കെ.മാണിയെ രൂക്ഷമായി വിമർശിച്ചുമാണ് വീക്ഷണത്തിന്‍റെ മുഖപ്രസംഗം. വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കപ്പെട്ട കാമുകിയുടെ സങ്കടക്കടലിലാണ് കേരള കോൺഗ്രസ് എന്ന വരികളോടെയാണ് മുഖപ്രസംഗം തുടങ്ങുന്നത്. പ്രണയകാലത്തും മധുവിധുനാളിലും ജോസ് കെ മാണിയെ തലയിലും നിലത്തും വയ്ക്കാതെലാളിച്ച സിപിഎം ആവേശംമൊക്കെ ആറിതണുത്തപ്പോൾ ഉപേക്ഷിച്ചെന്നും പരിഹാസം തുടരുന്നുണ്ട്. എൽ.ഡി.എഫിൽ കേരളാ കോൺഗ്രസിന് രാജ്യസഭാ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പാണെന്ന് പറയുന്ന മുഖപ്രസംഗത്തിൽ യു ഡി എഫ് രാജ്യസഭാ സീറ്റ് നൽകിയ ചരിത്രം ഓർമിപ്പിക്കുന്നുണ്ട്. ലീഗിന് രാജ്യസഭാ സീറ്റ് നൽകുന്നത് കോൺഗ്രസ് പുലർത്തുന്ന മുന്നണി മര്യാദയുടെ ഭാഗമാണെന്നും കോൺഗ്രസിനെ പോലെ ഘടകകക്ഷികൾക്ക് കൈത്താങ്ങ് നൽകാൻ സിപിഎം തയ്യാറാകില്ലെന്നും മുഖപ്രസംഗത്തിലുണ്ട്. 

കോൺഗ്രസിന്റെ ക്ഷണത്തെ കേരള കോൺഗ്രസ് നേതൃത്വം തള്ളിക്കളയും എന്നുറപ്പുള്ളതുകൊണ്ടുതന്നെ വി ഡി സതീശന്റെ പ്രതികരണം മറിച്ചായിരുന്നു. കേരള കോൺഗ്രസ് എമ്മിന്റെ തിരിച്ചുവരവ് ഉടൻ ഉണ്ടാകില്ലെന്ന് കോൺഗ്രസിന് ഉറപ്പാണെങ്കിലും യുഡിഎഫിൽ അനുഭവിച്ചിരുന്ന രാജപദവി ഓർമിപ്പിച്ച് അണികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് ഈ ഘട്ടത്തിൽ പ്രതീക്ഷിക്കുന്നത്.

MORE IN KERALA
SHOW MORE