വാളയാർ പീഡനം; കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ പിരിച്ചുവിടണം; കുടുംബം സമരത്തിന്

വാളയാർ പീഡനകേസ് അട്ടിമറിക്കാൻ ശ്രമിച്ച അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി എം.ജെ.സോജനെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് പെൺകുട്ടികളുടെ കുടുംബം വീണ്ടും സമരരംഗത്ത്.  ജനുവരി ഇരുപത്തിയാറു മുതൽ പെൺകുട്ടികളുടെ വീടിന് മുന്നിൽ സത്യഗ്രഹം തുടങ്ങും. കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നത് വരെ സമരം തുടരുമെന്ന് പെൺകുട്ടികളുടെ അമ്മ മനോരമ ന്യൂസിനോട് പറഞ്ഞു.

വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ പതിമൂന്നുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ നാലാം വാർഷികത്തിൽ ഉപവാസമിരുന്നു കൊണ്ടാണ് പെൺകുട്ടികളുടെ അമ്മ തുടർ സമരം പ്രഖ്യാപിച്ചത്.

കേസ് കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കണമെന്നാണ് ആവശ്യം. സിബിഐക്ക് വിട്ടതോടെ അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്നു സർക്കാർ തന്നെ സമ്മതിച്ചെന്നും കേസിൽ വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥരെ സർക്കാർ സംരക്ഷിക്കുന്നുവെന്നും കുടുംബം ആരോപിച്ചു. 

അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടത് കൊണ്ട് മാത്രമായില്ലെന്ന് ഉപവാസ സമരം ഉദ്ഘാടനം ചെയ്ത വി.കെ.ശ്രീകണ്ഠൻ എം.പി.പറഞ്ഞു.