വാളയാറിലെ സഹോദരിമാരുടെ മരണം; പ്രതികളുടെ നുണപരിശോധനയ്ക്ക് സിബിഐ

വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണത്തിൽ പ്രതികളെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യവുമായി സിബിഐ. പാലക്കാട് പോക്സോ കോടതിയിൽ ആവശ്യമുന്നയിച്ച് സിബിഐ സംഘം ഹർജി നൽകി. പ്രതികളായ വലിയ മധു, ഷിബു , കുട്ടി മധു, പതിനേഴുകാരൻ എന്നിവരെ ഹൈദരാബാദിലെ ലാബിൽ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ഹർജിയിലുള്ളത്. ഇവരുടെ ശബ്ദ സാമ്പിളുകളും പരിശോധിക്കണം. പ്രതികൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഹര്‍ജിയിലുണ്ട്.  പതിമൂന്നും ഒൻപതും വയസുള്ള പെൺകുട്ടികളെയാണ് 2017 ൽ മൂന്ന് മാസത്തെ ഇടവേളയിൽ വീട്ടിനുള്ളിൽ ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സിബിഐയുടെ പുതിയ സംഘത്തിന്റെ അന്വേഷണത്തിലും നീതി കിട്ടില്ലെന്ന ആക്ഷേപം പെൺകുട്ടികളുടെ കുടുംബം ഉന്നയിച്ചിരുന്നു.അനിശ്ചിതകാല സമരം ഉൾപ്പെടെ നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സി.ബി.ഐയുടെ പുതിയ നീക്കം. 

‍‍palakkad walayar rape case cbi application for lie detector test at court