‘സിബിഐ അന്വേഷണം ശരിയല്ല’; വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍

മക്കളുടെ മരണത്തെക്കുറിച്ചുള്ള സിബിഐ അന്വേഷണം ശരിയായ രീതിയിൽ അല്ല നടക്കുന്നതെന്ന് ആരോപിച്ച് വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയിൽ. അന്വേഷണത്തിന് കോടതിയുടെ മേൽനോട്ടം വേണം. പെൺകുട്ടികളുടെ മരണത്തിൽ നീലചിത്ര നിർമാണ മാഫിയക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു

ഗുരുതര ആരോപണങ്ങളാണ് വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. സിബിഐ നടത്തുന്ന തുടരന്വേഷണം കാര്യക്ഷമമായ രീതിയിൽ അല്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു. മക്കളുടെ മരണം കൊലപാതകമാണ് എന്ന് സംശയിക്കാൻ ആവശ്യമായ നിരവധി ശാസ്ത്രീയ തെളിവുകളും മൊഴികളുമുണ്ട്. എന്നാൽ ഈ തെളിവുകളെ കുറിച്ച് അന്വേഷിക്കാൻ സിബിഐ തയ്യാറാകുന്നില്ല. അതുകൊണ്ട് തന്നെ അന്വേഷണത്തിന് കോടതിയുടെ മേൽനോട്ടം വേണം. കേസിലെ പ്രതികളായ രണ്ടുപേരുടെ ദുരൂഹ മരണത്തെക്കുറിച്ചും അന്വേഷണം വേണം. പെൺകുട്ടികളുടെ മരണത്തിൽ നീലചിത്ര നിർമാണ മാഫിയക്ക് പങ്കുണ്ടോ എന്ന തലത്തിലുള്ള അന്വേഷണം നടത്തണം. അന്വേഷണത്തിന്റെ തൽസ്ഥിതി അറിയിക്കാൻ സിബിഐക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.

പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് അന്വേഷണം സിബിഐക്ക് കൈമാറിയിരുന്നത്. എന്നാൽ മതിയായ അന്വേഷണം നടത്താതെ സിബിഐ സമർപ്പിച്ച കുറ്റപത്രം തള്ളിയ കോടതി തുടരന്വേഷത്തിന് ഉത്തരവിടുകയായിരുന്നു

Walayar case cbi investigation high court