വാളയാര്‍ക്കേസിലെ രണ്ട് പ്രതികള്‍ മരിച്ചു; സിബിഐ അന്വേഷണം പ്രതിസന്ധിയില്‍

വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ അഞ്ച് പ്രതികളില്‍‍ രണ്ടാമത്തെയാളും ആത്മഹത്യ ചെയ്തതോടെ സിബിഐ അന്വേഷണം പ്രതിസന്ധിയില്‍. പ്രതികളുടെ നുണ പരിശോധന ഉള്‍പ്പെടെയുള്ള സിബിഐ ആവശ്യത്തില്‍ കോടതി തീരുമാനം എടുക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നാലാം പ്രതിയുടെയും മരണം. പ്രതികളുടെ ദുരൂഹമരണവും സിബിഐ അന്വേഷിക്കണമെന്നാണ് പെണ്‍കുട്ടികളുടെ അമ്മയുടെ ആവശ്യം.  

വിവാദങ്ങളൊഴിയാത്ത വാളയാര്‍ കേസില്‍ ഇനിയുള്ളത് മൂന്ന് പ്രതികള്‍. ഒന്നാംപ്രതി അട്ടപ്പള്ളം സ്വദേശി വി.മധു, രണ്ടാംപ്രതി രാജാക്കാട് സ്വദേശി ഷിബു, പ്രായപൂര്‍ത്തിയാവാത്ത അഞ്ചാം പ്രതി. മൂവരും ജാമ്യത്തിലാണ്. നാലാം പ്രതിയായ കുട്ടി മധുവിനെ കഴിഞ്ഞദിവസം ആലുവയിലാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. വാളയാര്‍ കേസുമായി ബന്ധപ്പെട്ട് മൂന്നുപേരാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. കേസിന്റെ തുടക്കത്തില്‍ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച അട്ടപ്പള്ളം സ്വദേശി ജോണ്‍ പ്രവീണിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. 2020 നവംബറില്‍ മൂന്നാം പ്രതി ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറും സമാനരീതിയില്‍ മരിച്ചു. കുട്ടി മധുവിന്റെ മരണം സിബിഐ സംഘത്തെ പ്രതിസന്ധിയിലാക്കും. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പ്രതികളുടെ നുണപരിശോധന ഉള്‍പ്പെടെ വേണമെന്ന സിബിഐയുടെ ഹര്‍ജിയില്‍ പോക്സോ കോടതി വിധി പറയാനിരിക്കുകയാണ്. കേസ് അട്ടിമറിക്കാന്‍ ഇപ്പോഴും ശ്രമം നടക്കുന്നതായും പ്രതികളുടെ മരണവും സിബിഐ അന്വേഷിക്കണമെന്ന് പെണ്‍കുട്ടികളുടെ അമ്മ.

മധുവിന്റെ മരണം സംബന്ധിച്ച് വിശദമായ അന്വേഷണം തുടങ്ങിയതായി ആലുവ പൊലീസ് അറിയിച്ചു. അട്ടപ്പള്ളത്തെ വീട്ടില്‍ 2017 ജനുവരി ഏഴിന് പതിമൂന്ന് വയസുകാരിയെയും മാര്‍ച്ച് നാലിന് ഒന്‍പത് വയസുകാരിയെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മധു ഉള്‍പ്പെടെ മൂന്ന് പ്രതികളെ പാലക്കാട് പോക്സോ കോടതി ആദ്യം കുറ്റിവിമുക്തരാക്കി. 2021 ല്‍ കുറ്റവിമുക്തരാക്കിയ തീരുമാനം ഹൈക്കോടതി റദ്ദാക്കി. തുടര്‍ന്ന് സിബിഐ കേസ് ഏറ്റെടുത്തു. കുട്ടികള്‍ ജീവനൊടുക്കിയതാണെന്ന സിബിഐയുടെ കുറ്റപത്രം 2022 ഓഗസ്റ്റില്‍ പാലക്കാട് പോക്സോ കോടതി തള്ളി. തുടരന്വേഷണ ഉത്തരവ് കണക്കിലെടുത്ത് വനിത ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സിബിഐ സംഘമാണ് കേസ് അന്വേഷിക്കുന്നത്. 

walayar case cbi investigation