സോപ്പ് പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചു; അരക്കോടി രൂപ വിലവരുന്ന ഹെറോയിന്‍ പിടികൂടി

Heroin-case-train
SHARE

സോപ്പ് പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച് ട്രെയിന്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച അരക്കോടി രൂപ വിലവരുന്ന ഹെറോയിന്‍ പിടികൂടി. പാലക്കാട് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് വിഭാഗമാണ് ഒലവക്കോട് സ്റ്റേഷനിലെ പരിശോധനയില്‍ ഉപേക്ഷിച്ച നിലയിലായിരുന്ന തോള്‍ സഞ്ചിയില്‍ നിന്നും ലഹരി കണ്ടെത്തിയത്. അറുപത്തി അഞ്ച് ഗ്രാം ഹെറോയിന്റെ ഉടമയെ തിരിച്ചറിയാനായില്ല.  

നിറയെ യാത്രക്കാര്‍. ജനറല്‍ കംപാര്‍ട്ട്മെന്റില്‍ സൂചികുത്താന്‍ ഇടമില്ല. ക‌ന്യാകുമാരി വിവേക് എക്സ്പ്രസിലെ ഈ തിരക്കിനിടയിലും അലക്ഷ്യമായി കിടക്കുന്ന ബാഗ് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ബാഗിന്റെ ഉടമയെ അന്വേഷിച്ചെങ്കിലും ആരും ഉത്തരവാദിത്തം ഏറ്റെടുത്തില്ല. പിന്നീടാണ് വിശദമായി പരിശോധിച്ചത്. ആദ്യം പഴയ വസ്ത്രങ്ങള്‍. അതിനടിയില്‍ ആറ് സോപ്പ് പെട്ടികള്‍. കാഴ്ചയില്‍ സംശയം തോന്നാത്ത മട്ടിലാണ് സൂക്ഷിച്ചിരുന്നത്. ഉദ്യോഗസ്ഥര്‍ ഓരോ സോപ്പ് പെട്ടിയായി കവര്‍ പൊളിച്ച് പരിശോധിക്കാന്‍ തുടങ്ങി. ഒടുവില്‍ മുഷിഞ്ഞ ബാഗിനുള്ളില്‍ കണ്ടെത്തി അരക്കോടിയിലധികം രൂപ മൂല്യമുള്ള ലഹരിശേഖരം. വിവിധ സംസ്ഥാനങ്ങളിലൂടെ കടന്നുവരുന്ന ട്രെയിനില്‍ യാത്രക്കാരില്‍ ആരെങ്കിലും കരുതിയ തോള്‍സഞ്ചിയാവാമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പരിശോധന കണ്ട് ഉടമ പിന്മാറാനാണ് കൂടുതല്‍ സാധ്യത. റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ഉള്‍പ്പെടെ പരിശോധിച്ച് ലഹരി കടത്തിയ ആളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായി എക്സൈസ് അധികൃതര്‍ അറിയിച്ചു. 

MORE IN Kuttapathram
SHOW MORE