കേരള അഗ്രോ സര്‍വീസ് സെന്ററില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; വിജിലന്‍സ് പരിശോധന

vigilance-palakkad
SHARE

കൃഷിവകുപ്പിന് കീഴിലുള്ള പാലക്കാട് കാവശ്ശേരി കേരള അഗ്രോ സര്‍വീസ് സെന്ററില്‍ ലക്ഷങ്ങളുടെ ക്രമക്കേടെന്ന് വിജിലന്‍സ്. കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയില്‍ സര്‍ക്കാരിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപ നഷ്ടമായെന്നും കണ്ടെത്തി. കര്‍ഷകര്‍ ഉള്‍പ്പെടെ നല്‍കിയ വിവിധ പരാതിയെത്തുടര്‍ന്നാണ് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം മിന്നല്‍ പരിശോധന നടത്തി ക്രമക്കേട് കണ്ടെത്തിയത്.  

ലക്ഷക്കണക്കിന് രൂപയുടെ വിറ്റുവരവുണ്ടായിട്ടും സ്ഥാപനത്തിന് ജി.എസ്.ടി രജിസ്ട്രേഷന്‍ എടുത്തിട്ടില്ല. വിത്തും വളവും ഉല്‍പാദിപ്പിച്ചതിനും വിതരണം ചെയ്തതിനും യാതൊരുവിധ കണക്കും സൂക്ഷിച്ചിരുന്നില്ല. ഇടപാടുകള്‍ കൃത്യമായി പരിശോധിച്ച് ഓ‍ഡിറ്റ് ചെയ്യേണ്ട കൃഷിവകുപ്പിലെ ഉദ്യോഗസ്ഥര്‍ വര്‍ഷങ്ങളായി ചുമതല മറന്ന മട്ടാണ്. കണക്കുകള്‍ പരിശോധിക്കാതെ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ അഗ്രോ സര്‍വീസ് സെന്ററിലെ ജീവനക്കാര്‍ക്ക് ക്രമക്കേടിന് ഒത്താശ ചെയ്തുവെന്നാണ് വിജിലന്‍സിന്റെ പരിശോധനയില്‍ തെളിഞ്ഞത്.

സര്‍ക്കാരിന് ഖജനാവിലേക്ക് എത്തേണ്ട ലക്ഷക്കണക്കിന് രൂപ പലരുടെയും പോക്കറ്റിലായി. കര്‍ഷകര്‍ക്ക് വാടകയ്ക്ക് നല്‍കുന്ന ട്രാക്ടറുകള്‍, നടീല്‍ യന്ത്രങ്ങള്‍, ട്രില്ലറുകള്‍ എന്നിവയ്ക്ക് വാടകയായി ലഭിച്ച പണത്തിന്റെ കണക്കും സൂക്ഷിച്ചിട്ടില്ല. ലക്ഷക്കണക്കിന് രൂപ വിലയുള്ള യന്ത്രസാധനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടത്ര പരിശീലനം കിട്ടിയ ആളുകള്‍ ഇല്ലാത്തതിനാലും കൃത്യമായി പരിപാലിക്കാത്തതിനാലും ഉപയോഗശൂന്യമായെന്നും പരിശോധനയില്‍ തെളിഞ്ഞു. ഉദ്യോഗസ്ഥരുടെ ഇഷ്ടത്തിന് അനുസരിച്ച് തൊഴിലാളികള്‍ക്ക് വേതനം നല്‍കി വന്നതായും കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പിയുടെ നിര്‍ദേശ പ്രകാരമുള്ള പ്രത്യേക സംഘമാണ് അഗ്രോ സര്‍വീസ് സെന്ററിലും ആലത്തൂര്‍ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫിസിലും മിന്നല്‍ പരിശോധന നടത്തിയത്. ക്രമക്കേട് സംബന്ധിച്ച് വിജിലന്‍സ് സംഘം സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Irregularity of Lakhs in Kerala Agro Service Centre

MORE IN KERALA
SHOW MORE