ചികിത്സയിലിരുന്ന അമ്മയ്ക്കും കുഞ്ഞിനും കോവിഡില്ലെന്ന് സന്ദേശം; വെട്ടിലായി ആരോഗ്യവകുപ്പ്

മാനന്തവാടി വാളാട് ക്ലസ്റ്ററിൽ  കോവിഡ് രോഗബാധയെ തുടർന്ന് കോവിഡ് ചികിത്സാ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന അമ്മയ്ക്കും കുഞ്ഞിനും രോഗബാധയുണ്ടായിരുന്നില്ല എന്ന ആരോഗ്യവകുപ്പിന്റെ എസ്എംഎസ് സന്ദേശം വിവാദമാകുന്നു. വാളാട് കൂടംകുന്ന് പ്രദേശത്തെ 28 വയസുള്ള സ്ത്രീക്കും 3  മാസം പ്രായമുള്ള കുഞ്ഞിനുമാണ് രോഗബാധ ഇല്ലെന്ന ആരോഗ്യ വകുപ്പിന്റെ സന്ദേശം മൊബൈൽ ഫോണിലേക്ക് എത്തിയത്. ജൂലൈ 28ന് നടത്തിയ ആന്റിജൻ പരിശോധനയിൽ അമ്മയുടെയും കുഞ്ഞിന്റെയും ഫലം നെഗറ്റീവായിരുന്നു.

എന്നാൽ ദിവസങ്ങൾക്ക് ശേഷം ഇവരുടെ അടുത്ത ബന്ധുക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരെ  ഈ മാസം 3ന് ആർടിപിസിആർ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ ഇവരുടെ പരിശോധന ഫലം പോസറ്റീവാണെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചതിനെ തുടർന്നു കഴിഞ്ഞ 6 മുതൽ ഇവർ 10 ദിവസം നല്ലൂർനാട് കോവിഡ് ചികിത്സാ കേന്ദ്രത്തിൽ കഴിഞ്ഞു.

പിന്നീട് കോവിഡ് മുക്തരായെന്ന് കണ്ടതിനെ തുടർന്ന് ഇരുവരും സ്വന്തം വീട്ടിൽ തിരിച്ചെത്തി. 24 നാണ് മൊബൈലിൽ ആരോഗ്യ വകുപ്പിന്റെ എസ്എംഎസ് സന്ദേശം ലഭിച്ചത്. 3ന് നടത്തിയ ആർടിപിസിആർ പരിശോധനയിൽ താങ്കളുടെ ഫലം നെഗറ്റീവ് ആണെന്നാണ് സന്ദേശത്തിൽ ഉള്ളത്. നിങ്ങൾക്ക് ക്വറന്റീൻ നിർദേശിച്ചിട്ടുണ്ട് എങ്കിൽ അതു പൂർത്തീകരിക്കണം എന്നും സന്ദേശത്തിലുണ്ട്.

ഇതോടെയാണ് രോഗബാധ ഇല്ലാത്ത  അമ്മയെയും കുഞ്ഞിനെയുമാണ് അധികൃതർ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ പാർപ്പിച്ചതെന്ന ആരോപണം ഉയർന്നത്. ഇതിനെതിരെ നാട്ടുകാർ വ്യാപകമായി പ്രതിഷേധം ഉയർത്തിയിരുന്നു.  എന്നാൽ ഇരുവർക്കും കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നതാണെന്നും സാങ്കേതിക കാരണങ്ങളാലാണു തെറ്റായ സന്ദേശം എത്തിയതെന്നും വാളാട് പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. അനീഷ് പരമേശ്വരൻ പറഞ്ഞു.