വിജയിച്ചില്ല; എട്ടിടങ്ങളില്‍ നിര്‍ണായക ശക്തിയായി ട്വന്റി ട്വന്റി

തദ്ദേശ തെരഞ്ഞെടുപ്പിലെ വലിയ വിജയം നിയമസഭയിലേക്കുള്ള കന്നിയങ്കത്തില്‍ ആവര്‍ത്തിക്കാനായില്ലെങ്കിലും മല്‍സരിച്ച എട്ടിടങ്ങളില്‍ മിക്കയിടത്തും നിര്‍ണായക ശക്തിയായി ട്വന്റി ട്വന്റി.  കിഴക്കമ്പലം ഉള്‍പ്പെടുന്ന കുന്നത്തുനാട്ടിലും കൊച്ചിയിലും എറണാകുളത്തും അടക്കം ട്വന്റി 20 പിടിച്ച വോട്ടുകള്‍ തട്ടുകേടുണ്ടാക്കിയത് യുഡിഎഫിനാണ്. എറണാകുളം ജില്ലയില്‍ മല്‍സരിച്ച എട്ടില്‍ ആറ് മണ്ഡലങ്ങളിലും ട്വന്റി ട്വന്റി മൂന്നാം സ്ഥാനത്തെത്തി.

രണ്ടുവട്ടം കുന്നത്തുനാടുനിന്ന് വിജയിച്ച് കയറിയ വി.പി.സജീന്ദ്രന് ഇക്കുറി അടിപതറി. 52351 വോട്ട് നേടിയ പി.വി.ശ്രീനിജന് പിന്നിലായി 49636 വോട്ടുനേടി സജീന്ദ്രന്‍ തോല്‍വി അറിഞ്ഞപ്പോള്‍ നാല്‍പത്തിരണ്ടായിരത്തിലധികം വോട്ടുനേടിയ ട്വന്റി ട്വന്റി നിര്‍ണായക ശക്തിയായി . ഇടത് തരംഗത്തിനിടയിലും പി.വി.ശ്രീനിജന്‍റെ ഭൂരിപക്ഷം 2715 വോട്ട് മാത്രമായി ചുരുങ്ങി. കൊച്ചിയില്‍ ബിജെപിയില്‍നിന്ന് മൂന്നാം സ്ഥാനം നേടാനായി എന്നതിന് പുറമെ യുഡിഎഫ് വോട്ടില്‍ വിള്ളല്‍ വീഴ്ത്താനും ട്വന്റി ട്വന്റിക്കായി. യുഡിഎഫ് സ്ഥാനാര്‍ഥി ടോണി ചമ്മണിയെ രണ്ടാം സ്ഥാനത്ത് ഒതുക്കി 14079 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടത് സ്ഥാനാര്‍ഥി കെ.ജെ.മാക്സി വിജയിച്ചത്. ട്വന്റി ട്വന്റി സ്ഥാനാര്‍ഥി ഷൈനി ആന്റണി ഇവിടെ നേടിയത് പത്തൊമ്പതിനായിരത്തിലധികം വോട്ടുകള്‍ ക്ഷീണിപ്പിച്ചത് യുഡിഎഫിനെയും. യുഡിഎഫിന്റെ ഉറച്ച മണ്ഡലമായ എറണാകുളത്തും ട്വന്റി 20 ഉണ്ടാക്കിയ ക്ഷീണം ചില്ലറയല്ല. 10970 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.ജെ.വിനോദ് ജയിച്ചത്. ഇവിടെ ട്വന്റി 20 നേടിയ 10634 വോട്ടുകള്‍ മറ്റാരുടെയുമല്ലെന്ന് പരസ്യമായി സമ്മതിക്കുന്നത് യുഡിഎഫാണ്. 

പെരുമ്പാവൂരിലും മൂവാറ്റുപുഴയിലും ബി.ജെ.പിക്ക് മുകളില്‍ മൂന്നാം സ്ഥാനത്തായിരുന്നു ട്വന്റി 20. പെരുമ്പാവൂരില്‍ 20536ഉം മൂവാറ്റുപുഴയില്‍ 13532 വോട്ടുമാണ് ട്വന്റി 20 നേടിയത്. . കോതമംഗലത്ത് ട്വന്റി 20ക്ക് ആകെ നേടാനായത് 7978 വോട്ട് മാത്രമാണ്. വൈപ്പിനിലും മൂന്നാം സ്ഥാനത്തെത്തിയ ട്വന്റി 20 നേടിയത് 16707 വോട്ടാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍.ഉണ്ണിക്കൃഷ്ണന്‍ എതിര്‍സ്ഥാനാര്‍ഥി യുഡിഎഫിലെ ദീപക് ജോയിയെ തറപറ്റിച്ചത് കേവലം 8201 വോട്ടിനാണെന്ന് അറിയുമ്പോഴാണ് ട്വന്റി ട്വന്റി ഉണ്ടാക്കിയ ആഘാതം മുന്നണികള്‍ തിരിച്ചറിയുന്നതും. തൃക്കാക്കരയില്‍ 14329 വോട്ടിന് പി.ടി.തോമസ് വിജയിച്ചെങ്കിലും ആ വിജയത്തിന്റെ ശോഭ കെടുത്തിയതും ട്വന്റി ട്വന്റിയാണെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. ഇവിടെ നാലാം സ്ഥാനത്തെത്തിയ ട്വന്റി ട്വന്റിയുടെ ഡോ.ടെറി തോമസ് നേടിയത് 13897  വോട്ടാണ്.