മൂന്നു തലമുറയ്ക്കു കാഴ്ചയില്ല; ഇരുട്ടടിയായി ജപ്തി നോട്ടിസും

മാവേലിക്കരയിലെ ഒരു കുടുംബത്തിലെ 3 തലമുറയിൽപ്പെട്ടവർ കാഴ്ചയില്ലാത്തതിന്റെ ദുരിതത്തിൽ കഴിയവേ ഇരുട്ടടിയായി സഹകരണ ബാങ്കിൽ നിന്ന് ജപ്തി നോട്ടിസ്‌. കാഴ്ചപരിമിതിയുള്ള തഴക്കര കല്ലിമേൽ തറയിൽ തെക്കേതിൽ ശിവശങ്കരപ്പിള്ളയും കുടുംബവുമാണ് വീട് ഉപേക്ഷിച്ചു തെരുവിലേക്ക് ഇറങ്ങേണ്ടി വരുമെന്ന ഭീതിയിൽ കഴിയുന്നത്. ശിവശങ്കരപ്പിള്ള,അമ്മ ജാനകിയമ്മ (90) എന്നിവർക്ക് പൂർണമായും കാഴ്ചയില്ല. ശിവശങ്കരപ്പിള്ളയുടെ മകൻ ശ്യാമിനു പകൽ സമയത്തു നേരിയ കാഴ്ചയുണ്ട്, രാത്രിയിൽ തീരെയില്ല.

ശിവശങ്കരപ്പിള്ളയുടെ ഭാര്യ ശോഭ ശങ്കർ, മകൾ അശ്വതി എന്നിവർക്കു മാത്രമാണ് വീട്ടിൽ കാഴ്ചയുള്ളത്.  ശിവശങ്കരപ്പിള്ളയുടെ പിതാവിന്റെ ചികിത്സയ്ക്കായി ഉണ്ടായിരുന്ന വസ്തുവിന്റെ ഏറെ ഭാഗം വിറ്റു. ഇപ്പോൾ 20 സെന്റിലാണ് താമസിക്കുന്നത്. ഇവിടെ വീട് വയ്ക്കുന്നതിനായി 2013 നവംബർ 15ന് ശിവശങ്കരപ്പിള്ളയും ശോഭശങ്കറും ചേർന്നു 4 ലക്ഷം രൂപ മാങ്കാംകുഴി സർവീസ് സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്തു. അതിൽ ഒരു ലക്ഷം രൂപ അക്കൗണ്ടിൽ തന്നെ തിരികെ ഇടുന്നതിന് ബാങ്കിലെ ഒരാളെ ഏൽപിച്ചെന്ന് ഇവർ പറയുന്നു.

കൈവശം ലഭിച്ച കുറച്ച് പണം ഉപയോഗിച്ച് മറ്റൊരു സഹകരണ ബാങ്കിലെ കടം തീർത്തു. ബാക്കി തുകയും കൈവശം ഉണ്ടായിരുന്ന പണവും ഉപയോഗിച്ചു വീട് ഭാഗികമായി നിർമിച്ചു. ശോഭ വിവിധ വീടുകളിൽ ജോലിക്കു പോയി ലഭിക്കുന്ന തുകയാണ് കുടുംബത്തിന്റെ വരുമാനം. ശാരീരിക അസ്വാസ്ഥ്യം മൂലം ഇപ്പോൾ ശോഭയ്ക്കു ജോലിക്കു പോകാൻ കഴിയാത്ത സ്ഥിതിയാണ്. കാഴ്ച പരിമിതിയുള്ള 3 പേർക്കും ലഭിക്കുന്ന പെൻഷൻ തുകയാണ് കുടുംബത്തിന്റെ ചെലവിന് ഉപകരിക്കുന്നത്. 

സാമ്പത്തിക പ്രതിസന്ധി മൂലം ബാങ്കിലെ വായ്പ തവണ കൃത്യമായി അടയ്ക്കാൻ കഴിഞ്ഞില്ല. പലിശ ഉൾപ്പെടെ 7.89 ലക്ഷം രൂപ 2 മാസത്തിനുള്ളിൽ അടയ്ക്കണമെന്നു കാണിച്ച് കഴിഞ്ഞ മാസമാണ് കുടുംബത്തിനു നോട്ടിസ് ലഭിച്ചത്. സുമനസ്സുകളുടെ സഹായത്തിലാണ് ഇവരുടെ പ്രതീക്ഷ. ഫെഡറൽ ബാങ്ക് മാങ്കാംകുഴി ശാഖയിൽ ശിവശങ്കരപ്പിള്ളയുടെ പേരിൽ അക്കൗണ്ട് ഉണ്ട്. (നമ്പർ: 11650100186245, ഐഎഫ്എസ് കോഡ്: FDRL 0001165)