സിമന്‍റ് ബഞ്ച്, ഊഞ്ഞാല്‍ , പൂച്ചെടികള്‍; അണിഞ്ഞൊരുകി കുമാരനല്ലൂര്‍ സ്കൂള്‍

സ്‌കൂളുകള്‍ വീണ്ടും തുറക്കുമ്പോള്‍ കോട്ടയം കുമാരനെല്ലൂര്‍ ഗവ. യുപി സ്‌കൂളിലെ കുരുന്നുകളെ കാത്തിരിക്കുന്നത്  വിനോദങ്ങളുടെ ലോകം. സ്‌കൂളിന്റെ നടുമുറ്റത്ത് മനോഹരമായ പാര്‍ക്കാണ് കുട്ടികൾക്കായി ഒരുയിട്ടുള്ളത്. പ്രമുഖ പാദരക്ഷാ നിര്‍മാതാക്കളായ പാരഗണ്‍ സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായി പാര്‍ക്ക് നിര്‍മിച്ച് നല്‍കിയത്. 

ഒന്നര വര്‍ഷത്തിന് ശേഷം സ്‌കൂളിലേക്കെത്തുന്ന കുട്ടികളെ കാത്തിരിക്കുന്നത്  ഒട്ടേറെ വിസ്മയങ്ങൾ. ചെളിയും പുല്ലും നിറഞ്ഞ സ്‌കൂള്‍ അങ്കണം നിറക്കൂട്ടായി മാറി.  ടൈലുകള്‍ പാകി മനോഹരമാക്കിയ നടുമുറ്റം. സിമന്റ് ബെഞ്ച്, ഊഞ്ഞാലുകള്‍, വിവിധ നിറത്തിലും തരത്തിലുമുള്ള കളിയുപകരണങ്ങള്‍. വിവിധയിനം പൂച്ചെടികളും ഭിത്തികളില്‍ വരച്ച് ചേര്‍ത്തിരിക്കുന്ന ചിത്രങ്ങളുമെല്ലാം ചേര്‍ന്ന് സ്കൂൾ വര്‍ണ്ണങ്ങളുടെ  പുതു ലോകമായി മാറി.  രണ്ട് സെന്റോളം സ്ഥലത്താണ് അതിമനോഹരമായ പാര്‍ക്ക് ഒരുള്ളത്. 

പാരഗണ്‍ കമ്പനി  സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായി 11 ലക്ഷത്തോളം രൂപ ചിലവിട്ടാണ് സ്‌കൂളിൻ്റെ നവീകരണവും  പാര്‍ക്കും യാഥാർഥ്യമാക്കിയത്. കോട്ടയം നഗരസഭയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ലാസ് മുറികളും  മനോഹരമാക്കി പുതിയ ഇരിപ്പിടങ്ങളും മേശകളും സ്ഥാപിച്ചു. ഇരിപ്പിടങ്ങളില്‍ കുട്ടികളുടെ പേരുകളും പതിപ്പിച്ചിട്ടുണ്ട്.