ചൈത്രയുടെ റെയ്ഡിന് കാരണമായ കേസിലെ പരാതിക്കാരിക്ക് വധഭീഷണി

എസ്.പി.ചൈത്ര തെരേസ ജോണ്‍ സി.പി.എം ഓഫീസില്‍ കയറി പരിശോധിക്കാന്‍ ഇടയാക്കിയ പോക്സോ കേസിലെ പരാതിക്കാരിക്ക് വധഭീഷണി. പ്രതികളുടെ ബന്ധുക്കള്‍ വീട് കയറി ആക്രമിക്കാന്‍ ശ്രമിച്ചെന്നും പെട്രോളൊഴിച്ച് കത്തിക്കുമെന്ന് ഭീഷണിമുഴക്കിയെന്നും പെണ്‍കുട്ടി പറഞ്ഞു. പരാതി അറിയിച്ചിട്ടും നടപടി എടുക്കാതെ പൊലീസ് അപമാനിക്കുകയാണെന്നും ആരോപണം.

പ്ളസ് ടു വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ ലൈംഗിക ചുവയുള്ള വാക്കുകളുപയോഗിച്ച് അപമാനിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ പ്രതികളെ കാണാന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെത്തിയപ്പോള്‍ പൊലീസ് തടഞ്ഞതും അതിന്റെ പേരില്‍ പൊലീസ് സ്റ്റേഷന് കല്ലെറിഞ്ഞതുമായിരുന്നു പാര്‍ട്ടി ഓഫീസില്‍ കയറിയുള്ള പരിശോധനക്ക് കാരണമായത്. ഈ പെണ്‍കുട്ടി പരാതിയില്‍ ഉറച്ച് നിന്നതോടെയാണ് പ്രതികളുടെ ബന്ധുക്കളും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ചേര്‍ന്ന് ഏതാനും ദിവസങ്ങളായി വീടില്‍ കയറി ആക്രമിക്കാന്‍ ശ്രമിക്കുന്നത്. .

ഭീഷണി ഭയന്ന് പുറത്തിറങ്ങാന്‍ കഴിയാതെ വന്നതോടെ പെണ്‍കുട്ടിക്ക് കഴിഞ്ഞ ദിവസം പരീക്ഷ എഴുതാന്‍ സാധിച്ചില്ല. പെണ്‍കുട്ടിക്ക് വേണ്ടി സാക്ഷി പറഞ്ഞ ബന്ധുവായ സ്ത്രീക്ക് നേരെയും ഭീഷണിയുണ്ട്. മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കിയിട്ടും അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണെന്നും ആക്ഷേപമുണ്ട്. 

സി.പി.എം മേധാവിത്വമുള്ള കോളനിയില്‍ ഭയന്നാണ് കഴിയുന്നതെന്നും പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു.