കരിങ്കല്‍ ക്വാറിയില്‍ കണ്ടെത്തിയ തലയോട്ടി; അന്വേഷണത്തിന് പ്രത്യേക സംഘം

skull-found
SHARE

പാലക്കാട് രാമശ്ശേരിയിലെ കരിങ്കൽ ക്വാറിയിൽ കണ്ടെത്തിയ തലയോട്ടിയില്‍ കൂടുതല്‍ അന്വേഷണം. ഫൊറന്‍സിക് പരിശോധനയ്ക്ക് ശേഷം തുടര്‍ നടപടികള്‍ക്കായി തലയോട്ടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അഗ്നിശമന സേനയുടെ നേതൃത്വത്തിൽ സ്കൂബാ ടീം ക്വാറിയിൽ വിശദമായ പരിശോധന നടത്തിയെങ്കിലും മറ്റൊന്നും കണ്ടെത്താനായില്ല. 

പ്രവര്‍ത്തനരഹിതമായ ക്വാറിയില്‍ കുളിക്കാനും മീന്‍പിടിക്കാനുമായി നിരവധിപേര്‍ എത്താറുണ്ട്. വെള്ളം കാര്യമായി താഴ്ന്ന സമയത്താണ് തലയോട്ടി കരയോട് ചേര്‍ന്ന് കണ്ടെത്തിയത്. അസ്ഥികൂടം ഉള്‍പ്പെടെ ക്വാറിയിലുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന നടത്തി. സ്കൂബാ ടീം അംഗങ്ങള്‍ രണ്ട് മണിക്കൂറിലേറെ ക്വാറിയിലെ ആഴങ്ങളില്‍ തെരഞ്ഞെങ്കിലും ഒന്നും കണ്ടെത്താനായില്ല. തലയോട്ടിക്ക് ഒരു വർഷത്തെ പഴക്കമാണ് കണക്കാക്കുന്നത്. പുരുഷനാണോ, സ്ത്രീയാണോ എന്ന് തിരിച്ചറിയുന്നതിനൊപ്പം പ്രായം കൂടി മനസിലാക്കിയാൽ മാത്രമേ അന്വേഷണം വിപുലമാക്കാൻ കഴിയൂ എന്ന് കസബ എസ്.ഐ മനോരമ ന്യൂസിനോട്.

ഫൊറന്‍സിക് സര്‍ജന്റെ നേതൃത്വത്തില്‍ തലയോട്ടി വിശദമായി പരിശോധിച്ച് കാലപ്പഴക്കം തിരിച്ചറിയും. കസബ എസ്.ഐയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം വിപുലമാക്കുമെന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.

MORE IN KERALA
SHOW MORE