പൊലീസ് ക്രൂരതക്കെതിരെ രോഷം; നടപടി വേണമെന്ന് കാനം; നയമല്ലെന്ന് ഡിവൈഎഫ്ഐ

കിളികൊല്ലൂര്‍ മര്‍ദനത്തില്‍ പൊലീസുകാര്‍ക്കെതിെര കര്‍ശന നടപടി വേണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മര്‍ദനം സര്‍ക്കാര്‍ നയമല്ല, പൊലീസ് വീഴ്ച അംഗീകരിക്കില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. പൊലീസുകാരുടെ ക്രൂരത മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് പി.സി.വിഷ്ണുനാഥ് പറഞ്ഞു. പൊലീസില്‍ ക്രിമിനലുകളുണ്ടെന്നതിന്‍റെ തെളിവാണ് കിളികൊല്ലൂരിലെ ക്രൂരമര്‍ദനമെന്ന് ഡി.വൈ.എഫ്.ഐ. ആരോപിച്ചു. ഇവര്‍ക്കെതിരെ ശക്തമായ നടപടി വേണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്‍റെ നയമല്ലെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് മനോരമ ന്യൂസിനോട് പറഞ്ഞു. വിഘ്നേഷിനെയും വിഷ്ണുവിനെയും കാണാന്‍ സ്റ്റേഷനില്‍ പോയപ്പോള്‍ പൊലീസ് തെറ്റിദ്ധരിപ്പിച്ചുവെന്ന് കൊറ്റങ്കര ഗ്രാമപഞ്ചായത്ത് അംഗം ഷീജ സജീവ്. എംഡിഎംഎ കേസായതിനാല്‍ ഇടപെടരുത് എന്ന് പറഞ്ഞു. ഇരുവരെയും കാണണമെന്ന് പറഞ്ഞപ്പോള്‍ അതിനുപറ്റിയ അവസ്ഥയിലല്ലെന്ന് സി.ഐ വിനോദ് പറഞ്ഞതായും ഷീജ മനോരമ ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ ഒാഗസ്റ്റ് 25 ന് കിളികൊല്ലൂർ സ്റ്റേഷനിലാണ് വിഘ്നേഷും ൈസനികനായ സഹോദരന്‍ വിഷ്ണുവും പൊലീസിന്റെ ക്രൂരതയ്ക്കിരയായത്. എം.ഡി.എം.എ കേസിലെ പ്രതിയെ ജാമ്യത്തിലിറക്കാന്‍ ഡിവൈഎഫ്െഎ പ്രവര്‍ത്തകനായ വിഘ്നേഷിനെ പൊലീസുകാരനായ മണികണ്ഠന്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. പൊലീസ് ജോലിക്ക് പി.എസ്.സി ലിസ്റ്റില്‍ ഉളളതിനാല്‍ പറ്റില്ലെന്ന് പറഞ്ഞ് വിഘ്നേഷ് സ്റ്റേഷന് പുറത്തിറങ്ങിയപ്പോള്‍ മദ്യലഹരിയിലായിരുന്ന എ.എസ്.െഎ പ്രകാശ് ചന്ദ്രന്‍ ബോധപൂര്‍വം തട്ടിക്കയറിയെന്നാണ് ആരോപണം. എ.എസ്.െഎയ്ക്കെതിരെ പരാതി പറയാന്‍ വിഘ്നേഷും വിഷ്ണുവും വീണ്ടും സ്റ്റേഷനില്‍ കയറിയപ്പോള്‍ എ.എസ്.െഎ മര്‍ദിച്ചു. ഇതിനിടെ എ.എസ്.െഎ താഴെ വീണപ്പോള്‍ തലയില്‍മുറിവേറ്റു. പിന്നീട് പൊലീസുകാരനെ ആക്രമിച്ചെന്നാരോപിച്ച് സി.െഎ, എസ്.െഎ ഉള്‍പ്പെടെയുളളവര്‍ യുവാക്കളെ അടിച്ച് മുറിവേല്‍പ്പിച്ചത്. സൈനികനായ സഹോദരന്‍റെ ചൂണ്ടുവിരല്‍ തല്ലിയൊടിച്ചു. തോക്കിന്‍റെ കാഞ്ചിവലിക്കാന്‍ പറ്റാത്ത രീതിയിലാക്കുമെന്ന ഭീഷണിയോടെയാണ് വിരല്‍ ഒടിച്ചതെന്നും വിഘ്നേഷ് മനോരമ ന്യൂസിനോട് പറഞ്ഞു. വെള്ളം ചോദിച്ച സഹോദരങ്ങളോട് മൂത്രം കുടിക്കാന്‍ പൊലീസ് പറഞ്ഞെന്നും പരാതിയുണ്ട്.  മകന്‍റെ വിവാഹ സ്വപ്നങ്ങള്‍ പൊലീസുകാര്‍ തകര്‍ത്തെന്ന് വിഷ്ണുവിന്‍റെയും വിഘ്നേഷിന്‍റെയും അമ്മ പറഞ്ഞു.

CPI, DYFI, PC Vishnunath wants strict action should be taken against policemen in Kilikollur beating