വൈറ്റില ജംക്‌ഷനിലെ കുരുക്കഴിച്ച് പുതിയ ഗതാഗത പരിഷ്കാരം

വൈറ്റില ജംക്‌ഷനെ കുരുക്കില്‍ നിന്ന് രക്ഷിച്ച് പുതിയ ഗതാഗതപരിഷ്ക്കാരം. ജംക്‌ഷനിലെ ട്രാഫിക്ക് സിഗ്നല്‍ പൂര്‍ണമായി ഒഴിവാക്കിയും വാഹനങ്ങള്‍ പലയിടങ്ങളിലായി വഴിതിരിച്ചുവിട്ടുമാണ് ഗതാഗതപരിഷ്ക്കാരം ക്രമീകരിച്ചിരിക്കുന്നത്. 

സമയം വൈകിട്ട് അഞ്ച് മണി, മേല്‍പ്പാലനിര്‍മാണം നടക്കുന്നതിന് ഇരുവശത്തുമുള്ള റോഡുകളിലൂടെ സുഗമമായി നീങ്ങുന്ന വാഹനങ്ങള്‍. വൈറ്റില ജംക്‌ഷനിലൂടെ വാഹനങ്ങള്‍ ഞെരുങ്ങി പോയിരുന്ന സ്ഥാനത്ത് ഇപ്പോഴുള്ള കാഴ്ച്ചയാണിത്. പുതുതായി നടപ്പാക്കിയ ഗതാഗത പരിഷ്ക്കാരത്തിന്റെ ഫലം . തൈക്കുടം ചര്‍ച്ച് റോഡും ബണ്ട് റോഡും വണ്‍ വേയാക്കിയതോടെ ബണ്ട് റോഡിലെ കുരുക്കിനും അയവ് വന്നു. 

പുതിയ പരിഷ്ക്കാരം ചിലരെ വലച്ചെങ്കിലും വാഹനങ്ങള്‍ വഴിത്തിരിച്ചുവിടുന്ന സ്ഥലങ്ങളില്‍ സഹായവുമായി പൊലീസുകാരെത്തി. തൃപ്പൂണിത്തുറയില്‍ നിന്നുള്ള വലിയ വാഹനങ്ങള്‍ തൈക്കുടംഭാഗത്തെ യൂടേണ്‍ എടുക്കുമ്പോള്‍ അരൂര്‍ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ നിര്‍ത്തിക്കൊടുക്കണമെന്നത് ഒഴിച്ചാല്‍ ഗതാഗതം ഏറെക്കുറെ സുഗമമാണ്.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ട്രാഫിക് പൊലീസും ചേര്‍ന്നാണ് ഗതാഗത പരിഷ്ക്കാരം നടപ്പിലാക്കുന്നത്.