നിയമം വളച്ച് 'വയൽ' കരയാക്കാം: തട്ടിപ്പിന് വൻ സംഘം; മറിയുന്നത് ലക്ഷങ്ങള്‍

വയല്‍ നികത്തലിനെതിരെ ജനകീയസമരങ്ങള്‍ വ്യാപകമാകുന്ന കാലത്ത് നിയമത്തേയും കോടതിയേയും ദുരുപയോഗിച്ച് ഭൂമി തരംമാറ്റല്‍ തകൃതി. ഡേറ്റാബാങ്കില്‍പ്പെട്ട സ്ഥലംപോലും തന്ത്രപരമായി കോടതിയുത്തരവ് സമ്പാദിച്ച് തരംമാറ്റുന്നതാണ് രീതി. പത്രപ്പരസ്യംവരെ നല്‍കി പ്രവര്‍ത്തിക്കുന്ന തരംമാറ്റല്‍ സംഘങ്ങള്‍ ഇതുവഴി ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്. മനോരമ ന്യൂസ് അന്വേഷണം.

 ഡേറ്റാബാങ്കില്‍പ്പെട്ട ഭൂമി തരംമാറ്റാന്‍ മാര്‍ഗമില്ലാതെ വിഷമിക്കുന്നവരെ ലക്ഷ്യംവച്ചുള്ള ഈ പരസ്യങ്ങളില്‍നിന്നാണ് ഞങ്ങള്‍  അന്വേഷണം തുടങ്ങിയത്.  

 മാമ്പുഴയോട് ചേര്‍ന്നുള്ള ഡേറ്റാ ബങ്കില്‍ ഉള്‍പെട്ട ഈ സ്ഥലം തരം മാറ്റി ബി.ടി.ആറില്‍ നിന്നും മാറ്റികിട്ടണമെന്ന ആവശ്യവുമായാണ്  ഏജന്റിനെ സമീപിച്ചത്. പണമുണ്ടെങ്കില്‍ എത്ര ഏക്കറും തരം മാറ്റി കരഭൂമിയാക്കി നല്‍കാമെന്നാണ് വാഗ്ദാനം. നിലവില്‍ കൃഷി ഓഫീസില്‍ നിന്നും ഇപ്പോള്‍ നെല്‍കൃഷി ഇല്ലെന്ന് പറയുന്ന സര്‍ട്ടിഫിക്കറ്റ് കിട്ടില്ല. കൈവശരേഖയും നികുതി ചീട്ടും എഫ്.എം.ബിയും  കിട്ടിയാല്‍ ആര്‍.ഡി.ഒയ്ക്ക് അപേക്ഷ കൊടുക്കും. പിന്നെ കോടതിയില്‍  നടപടിയെടുക്കുന്നില്ലെന്ന് കാണിച്ച് റിട്ടും നല്‍കും. അതോടെ ആര്‍.ഡി.ഒയ്ക്ക് കോടതി സമന്‍സ് അയക്കും. 

അഞ്ചുസെന്റ് ഭൂമി തരം മാറ്റി രേഖകളുണ്ടാക്കാന്‍ 75,000 രൂപയാണ് ഏജന്റ് ആവശ്യപ്പെട്ടത്. സ്വാഭാവിക നീതി നിഷേധിച്ചെന്ന് കാണിച്ച് കോടതിയെ സമീപിച്ചാണ് അനുകൂലവിധി നേടുന്നത്. കോടതിയലക്ഷ്യം ഭയന്ന് ഉദ്യോഗസ്ഥരും എതിര്‍ക്കാറില്ല. ഏജന്‍റിനെ സമീപിക്കാതെ നേരിട്ട് കോടതിയില്‍പോയി ഈ വധി സമ്പാദിച്ചുകൂടെയെന്ന ചോദ്യം സ്വാഭാവികമായും ഉണ്ടാകും. നമ്മള്‍ നേരിട്ട് കോടതിയില്‍പോയാല്‍ അനുകൂലവിധി കിട്ടണമെന്നില്ല. അതിനുള്ള കുറുക്കുവഴികളാണ് ഇത്തരം സംഘങ്ങളുടെ കൈമുതല്‍.