'പാര്‍ട്ടിക്ക് എല്ലാം ബോധ്യമായി'; ഇ.പിയെ സംരക്ഷിച്ച് സിപിഎം

mv-govindan
SHARE

ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇ.പി.ജയരാജനെ കുറ്റവിമുക്തനാക്കി സിപിഎം. ജാവഡേക്കറുമായുള്ള ഇ.പിയുടെ കൂടിക്കാഴ്ച നിഷ്കളങ്കമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ന്യായീകരിച്ചു. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം, ഇ.പിക്ക് നിര്‍ദേശം നല്‍കി.  ദല്ലാള്‍ നന്ദകുമാറിനെ പോലെയുള്ളവരുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് പാര്‍ട്ടി ഇ.പിയെ ഉപദേശിക്കുകയും ചെയ്തു. പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചതോടെ, സിപിഐയുടെ എതിര്‍പ്പുണ്ടെങ്കിലും ഇ.പി ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് തുടരും.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ഇ.പി ജയരാജന്‍റെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞയിടത്തു തന്നെ പാര്‍ട്ടിയുമെത്തി. ഇന്നുചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ഇ.പി.ജയരാജന്‍റെ വിശദീകരണം കേട്ടശേഷമാണ് അദ്ദേഹത്തിന് ഒപ്പം നില്‍ക്കാന്‍ തീരുമാനിച്ചത്.  അതിശക്തമായ കമ്യൂണിസ്റ്റ് വിരോധമാണ് ജയരാജനുമായി ബന്ധപ്പെട്ടു നടന്നതെന്നാണ് സിപിഎം വിലയിരുത്തല്‍. രാഷ്ട്രീയം ചര്‍ച്ചയാവാത്തതിനാല്‍ കൂടിക്കാഴ്ച പാര്‍ട്ടിയെ അറിയിക്കേണ്ട കാര്യമില്ല. ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയ കാര്യം വോട്ടെടുപ്പ് ദിവസം രാവിലെ മാധ്യമങ്ങളോട് പറഞ്ഞ് വെടിമരുന്നിന് തീ കൊളുത്തിയതിലും പാര്‍ട്ടിക്ക് വിരോധമില്ല. 

ഡല്‍ഹിയില്‍ വച്ച് കണ്ടു എന്നതടക്കം ശോഭ സുരേന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അസംബന്ധം. ബിജെപിയില്‍ ചേരുന്നതിന് തലേന്ന് ഫോണ്‍ വന്നപ്പോള്‍ ജയരാജന്‍ ഭയന്നു എന്നതും തിരക്കഥയാണ്. ഒരു കാര്യത്തില്‍ മാത്രമാണ് ജയരാജന് വീഴ്ച പറ്റിയതെന്നാണ് സിപിഎം കരുതുന്നത്. നാളെ ഏതെങ്കിലും സിപിഎം നേതാവ് ജാവഡേക്കറിനെ കണ്ടാലും തെറ്റില്ലെന്നു കൂടി പറയാന്‍ എം.വി.ഗോവിന്ദന്‍ മടിച്ചില്ല. പാര്‍ട്ടിയുടെ പിന്തുണ കിട്ടിയതോടെ ജയരാജന്‍ വര്‍ധിത വീര്യത്തോടെ മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞു. 

പി.ജയരാജന്‍ ഇ.പിക്കെതിരെ പാര്‍ട്ടിയില്‍ ഉന്നയിച്ച റിസോര്‍ട്ട് വിവാദത്തിന്‍റെ സ്ഥിതിയായി ഇതോടെ ബിജെപി നേതാവുമായുള്ള ചര്‍ച്ചാ വിവാദവും. ബിജെപി ബന്ധത്തിന്‍റെ പേരില്‍ മുതിര്‍ന്ന നേതാവിനെതിരെ നടപടിയെടുക്കുന്നത് കോണ്‍ഗ്രസിന് എക്കാലത്തേക്കുമുള്ള ആയുധം നല്‍കലാവുമെന്ന ചിന്ത സിപിഎമ്മിനുണ്ട്. പാര്‍ട്ടിയിലെ ഉന്നതര്‍ നേരത്തെ അറിഞ്ഞ കാര്യമാണോയെന്ന സംശയവും ബലപ്പെട്ടു.  

MORE IN BREAKING NEWS
SHOW MORE