'വെള്ളം കയറിയതിന് നഷ്ടപരിഹാരം ചോദിച്ചു'; സ്വയം കുടുങ്ങിയത് ഇങ്ങനെ

കാഞ്ഞിരപ്പള്ളിയില്‍ കയ്യേറ്റഭൂമിയില്‍ വെള്ളം കയറിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടയാളുടെ ഭൂമി പഞ്ചായത്ത് ഭരണസമിതി പിടിച്ചെടുത്തു. ഉടമ മനുഷ്യാവകാശ കമ്മിഷന് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കയ്യേറ്റം തെളിഞ്ഞത്. ഉടമ വര്‍ഷങ്ങളായി കൈവശംവെച്ച 36 സെന്‍റ് ഭൂമിയാണ് നഷ്ടപ്പെട്ടത്.    

കാഞ്ഞിരപ്പള്ളി മണ്ണംപ്ലാവ് സ്വദേശി വടക്കേൽ ലാൽ ജോസഫിനാണ് തന്‍റെ പരാതി വിനയായത്. 2016ലാണ് കൃഷിസ്ഥലത്ത് വെള്ളം കയറിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലാല്‍ ജോസഫ് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.  കൂവപ്പള്ളി വില്ലേജില്‍ ബ്ലോക്ക് നമ്പർ പത്ത് സർവ്വേ നമ്പർ 251/2ല്‍ പെട്ട 36 സെന്റോളം സ്ഥലമാണ് പരാതിയില്‍ ചൂണ്ടികാട്ടിയത്. ഇറിഗേഷന്‍ വകുപ്പിന്‍റെ അശാസ്ത്രീയമായ ചെക്ഡാം നിര്‍മാണം മൂലമാണ് വെള്ളം കയറിയതെന്നും ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായെന്നുമായിരുന്നു പരാതി. മനുഷ്യാവകാശ കമ്മിഷന്‍ ഇറിഗേഷന്‍ വകുപ്പിന് നോട്ടിസയച്ചതോടെയാണ് സംഭവത്തിലെ വഴിത്തിരിവ്. പരാതിക്കാരന്‍ കൈവശംവെച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിയാണെന്ന് പരിശോധനയില്‍ ബോധ്യമായി. ഇത് കമ്മിഷനെയും കലക്ടറെയും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരിശോധനകള്‍ക്ക് ശേഷം സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കാന്‍ കലക്ടര്‍ തഹസില്‍ദാക്ക് നിര്‍ദേശം നല്‍കി. ഇതോടെ പഞ്ചായത്ത് കമ്മറ്റി വിഷയം ചർച്ച ചെയ്ത് തുടർ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. 

പൊലീസ് സംരക്ഷണയില്‍ താലൂക്ക് സർവ്വേയറുടെ നേതൃത്വത്തില്‍ ഭൂമി വീണ്ടും അളന്ന് തിട്ടപ്പെടുത്തിയ ശേഷമായിരുന്നു ഏറ്റെടുക്കല്‍ നടപടികള്‍. ഭൂമി ഏറ്റെടുത്ത ശേഷം സര്‍ക്കാര്‍ ഭൂമിയെന്ന് സൂചിപ്പിക്കുന്ന ബോര്‍ഡും സ്ഥാപിച്ചു.