‘എട്ടുമണിക്കൂര്‍ ബസോടിച്ച എന്നെ രാത്രിമുഴുവന്‍ സ്റ്റേഷനിലിരുത്തി’; എല്ലാം മേയര്‍ക്കുവേണ്ടി: യദു

KSRTC-Driver-Yadhu
SHARE

‘രാത്രി പത്തരയ്ക്കാണ് എന്നെ പിടിച്ചുകൊണ്ടുപോയത്. എട്ടുപത്തുമണിക്കൂര്‍ ബസ് ഓടിച്ച് തളര്‍ന്ന് തിരുവനന്തപുരത്തെത്തിയതാണ്. നടുറോഡില്‍ കിടന്ന വണ്ടി ഒതുക്കിയിടാന്‍ പോലും സമ്മതിക്കാതെ പൊലീസ് ജീപ്പില്‍ കയറ്റിക്കൊണ്ടുപോയി. സ്റ്റേഷനില്‍ കൊണ്ടുപോയി ഒരിടത്ത് ഇരുത്തി. കൊതുകുകടിയും കൊണ്ട് രാവിലെ വരെ അവിടെ ഇരുന്നു. ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല. മേയറെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് അവര്‍ എല്ലാം ചെയ്തത്’. തിരുവനന്തപുരത്ത് ശനിയാഴ്ച തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയും ബന്ധുക്കളും ചേര്‍ന്ന് ബസ് തടഞ്ഞിട്ട് പൊലീസില്‍ ഏല്‍പ്പിച്ച കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിന്റെ വാക്കുകളാണിത്. 

കെ.എസ്.ആര്‍.ടി.സി എംപാനല്‍ ‍ഡ്രൈവറാണ് യദു. ദിവസം 715 രൂപയാണ് വേതനം. മേയറുമായുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ ഇന്ന് ജോലി ചെയ്യാന്‍ അനുവദിച്ചില്ല. ഡിസ്ട്രിക്ട് ട്രാന്‍സ്പോര്‍ട്ട് ഓഫിസറെ കണ്ട് വിശദീകരണം നല്‍കാനായിരുന്നു നിര്‍ദേശം. 

യദുവിന്‍റെ വാക്കുകള്‍ ഇങ്ങനെ.

'ഞാന്‍ താല്‍ക്കാലിക ജീവനക്കാരനും സാധാരണക്കാരനുമാണ്. അധികാരദുര്‍വിനിയോഗമാണ് കാണിക്കുന്നത്.എന്നോടുള്ള എന്തോ ഭയങ്കരമായ പ്രതികാരം. അതുകൊണ്ടാണ് പറയുന്നത് ആംഗ്യഭാഷ കാണിച്ചു, എന്റെ പഴയ കേസുണ്ട് എന്നൊക്കെഅങ്ങനെ ഒരു കേസില്ല. കേസുണ്ടായിരുന്നത് പാര്‍ട്ടിക്കാര്‍ തമ്മിലുള്ള ഉന്തും തള്ളും ഉണ്ടായപ്പോള്‍ വന്ന കേസാണ്.തെറ്റുചെയ്യാത്തതുകൊണ്ട് ആ കേസില്‍ കോടതി വെറുതെ വിട്ടതാണ്. അതുകൊണ്ട് ഞാന്‍ ഈ കേസിലും കോടതിയില്‍ പോകും. തെറ്റില്ലെന്ന് തെളിയിക്കുകയും ചെയ്യും.'

mayor-video

'എന്റെ ആകെയുള്ള വരുമാനമാര്‍ഗമാണിത്. 715 രൂപയാണ് ഒരു ദിവസത്തെ ശമ്പളം. ഒരു സാധാരണ കൂലിപ്പണിക്കാരന് ആയിരം രൂപ കിട്ടുന്നുണ്ട്.ഈ ബസ് ഓടിക്കുന്നത് ഇതുപോലുള്ള ചീത്തവിളികളും കേട്ടാണ്. നിന്റെ അപ്പന്റെ വകയാണോടാ റോഡ് എന്നാണ് ചോദിച്ചത്. റെഡ് സിഗ്നലിലാണെന്ന് മാഡം പറയുന്നു. ആ വിഡിയോയില്‍ തന്നെയുണ്ട്. കാര്‍ അവിടെ കിടക്കുന്നത് ഗ്രീന്‍ സിഗ്നലിലാണ്.എന്റെ വണ്ടി മുന്നോട്ടെടുക്കാന്‍ പോയപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞ് ഹൈ‍ഡ്രോളിക് ഡോര്‍ എംഎല്‍എ വന്ന് അടിച്ച് തുറന്ന് കയറി വണ്ടിക്കകത്തിരുന്ന്, ഇനി വണ്ടി എടുക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു. പൊലീസ് വന്നപ്പോള്‍ കാര്‍ മുന്നോട്ടെടുത്ത് എവിടെയോ പോയി. മേയര്‍ വണ്ടി ഒതുക്ക് എന്നുപറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തി വണ്ടി ഒതുക്കിയിടീച്ചു. മേയറാണെന്നും എംഎല്‍എ ആണെന്നും ഇവര്‍ പറയുമ്പോഴാണ് ഞാന്‍ അറിയുന്നത്. അതുവരെ സാധാരണ യാത്രക്കാരാണെന്നാണ് കരുതിയത്. യാത്രയില്‍ പല ആളുകളും കാര്‍ കൊണ്ടുവന്ന് ബസിന് കുറുകെ വയ്ക്കുന്നത് കണ്ടിട്ടുണ്ട്. ബസ് സ്പീഡ് കൂടുമ്പോഴേക്കും ഇങ്ങനെ സൈഡില്‍ കൊണ്ടുവന്ന് കളിപ്പിക്കുമല്ലോ. അങ്ങനെയാണെന്ന് കരുതി

മേയറുടെ വണ്ടി പോലുമല്ല. എനിക്ക് മനപൂര്‍വം മേയറെ നാണംകെടുത്തേണ്ട കാര്യമില്ല.മേയര്‍ ഇപ്പോള്‍ പറയുന്നത് മുഴുവന്‍ എന്നെ നാണം കെടുത്തി എന്നാണ്. ഞാന്‍ എന്തായാലും മനുഷ്യാവകാശത്തിന് എന്തെങ്കിലും കേസ് കൊടുക്കും എന്നെ ഇത്രയും നാണംകെടുത്തിയതിന്. റെഡ് സിഗ്നലില്‍ വണ്ടി നിര്‍ത്തി. ഗ്രീന്‍ സിഗ്നല്‍ വന്നപ്പോള്‍ വണ്ടി മുന്നോട്ടെടുക്കാന്‍ തുനിഞ്ഞു. അപ്പോള്‍ ഇടതുവശത്തുകൂടി വന്ന കാറാണ് സീബ്ര ക്രോസിന് മേലെ കൊണ്ടുവന്ന് കുറുകെയിട്ടത്.  അപ്പോള്‍ ബസ് ബ്രേക്ക് ചവിട്ടി ഹാന്‍ഡ് ബ്രേക്കിട്ടു. എന്റെ സൈഡിലെ ഡോര്‍ ഇവര്‍ വലിച്ച് തുറന്നു.'

arya-mayor

'സാധാരണക്കാരായ മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ഇപ്പോള്‍ എന്തെല്ലാം കേസ് ആയേനെ. സര്‍ക്കാര്‍ വാഹനം തടഞ്ഞു. ഔദ്യോഗിക വാഹനം തടഞ്ഞു ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. ഇവര്‍ സാധാരണജനം അല്ലല്ലോ. വലിയ പിടിപാടുള്ള മന്ത്രിമാരൊക്കെയായി സ്വാധീനമുള്ള ആളുകളല്ലേ. ഞാന്‍ സാധാരണക്കാരനായതുകൊണ്ടല്ലേ എന്റെ പിടലിക്ക് ഇങ്ങനെ കയറുന്നത്. ഞാന്‍ മറ്റൊന്നും പറയുന്നില്ല. ആ വിഡിയോ നോക്കിയാല്‍ ആരുടെ ഭാഗത്താണ് ന്യായം എന്ന് മനസിലാകും.എംഎല്‍എ ബസിനുള്ളില്‍ കയറി യാത്രക്കാരെ നിര്‍ബന്ധിച്ച് പുറത്തിറക്കി. ഈ വണ്ടി പോകില്ല എന്നുപറഞ്ഞ് ഇറക്കി. പൊലീസ് വന്നതിനുശേഷം പൊലീസ് വന്ന് എന്നെ പിടിച്ചുകൊണ്ട് പോകുകയായിരുന്നു. തീവ്രവാദികളെ പിടിച്ചുകൊണ്ടുപോകുംപോലെ. പൊലീസ് വരുന്നു, കേറ് ജീപ്പില്‍ എന്ന് പറയുന്നു. പോകുന്നു.'

yadhu-driver

'സംസ്കൃതകോളജില്‍ നിന്ന് തിരിയുന്ന സ്ഥലത്ത് റോഡ് മറച്ചാണ് വണ്ടി കിടന്നിരുന്നത്. വണ്ടി ഒതുക്കിയിട്ടിട്ട് വരാം എന്ന് പൊലീസുകാരോട് ഞാന്‍ പറയുന്നുണ്ടായിരുന്നു. വേണ്ട വണ്ടി ഇവിടെ കിടക്കട്ടെ എന്ന് പറഞ്ഞു. അവര്‍ക്ക് എന്നെ കൊണ്ടുപോകാനായിരുന്നു ധൃതി. എന്നെ എങ്ങനെയെങ്കിലും കൊണ്ടുപോകുക.  എന്റെ വാക്ക് കേള്‍ക്കുകയോ ഒന്നും ചെയ്തിട്ടില്ല. പരാതി ഞാന്‍ ആണ് ആദ്യം കൊടുക്കുന്നത്. രാത്രി 12.15നും പിന്നെ 7.18നും ഒരു പരാതി കൂടി പിന്‍ ചെയ്ത് കൊടുത്തിരുന്നു. അവിടത്തെ ക്യാമറയിലുണ്ട്. എന്നാല്‍ ഇവരുടെ പരാതിയാണ് ആദ്യം കൊടുത്തതെന്നാണ് പറയുന്നത്. എന്റെ പരാതിക്ക് കൗണ്ടര്‍ പരാതിയാണ് അവര്‍ കൊടുത്തിരിക്കുന്നത്. എന്റെ പരാതി ഓരോ പൊലീസുകാര്‍ വന്ന് ഫോട്ടോ എടുത്തിട്ട് പോയി. ആര്‍ക്കോ അയച്ചുകൊടുക്കുന്നത് കണ്ടു. ഇവര്‍ക്കായിരിക്കും. ഇതൊക്കെ ഞാന്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. രാത്രി പത്തരയ്ക്ക് കൊണ്ടുപോയതാണ് എന്നെ. ഒരു മനുഷ്യനാണ്. രാത്രി 8-10 മണിക്കൂര്‍ വണ്ടി ഓടിച്ചുവരുന്ന നിങ്ങളെ പിടിച്ചുകൊണ്ടുവന്ന് ഒരിടത്ത് ഇരുത്തിയിരിക്കുകയാണ്. കൊതുകുകടിയും കൊണ്ട്. ഒരു ഫാന്‍ ഇട്ടിട്ടുണ്ട്. ഉറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. പിറ്റേദിവസം രാവിലെ വരെ ഉറങ്ങാതിരിക്കുന്ന അവസ്ഥ നിങ്ങളൊന്ന് മനസിലാക്കണം. അതുകൊണ്ട് ഞാന്‍ കേസ് കേസായിട്ട് തന്നെ പോകും.' യദു പറയുന്നു.

MORE IN KERALA
SHOW MORE