പിവി അന്‍വര്‍ എംഎല്‍എയുടെ പരിധിയില്‍ കവിഞ്ഞ ഭൂമി; കണ്ടുകെട്ടണമെന്ന് വിവരാവകാശ കൂട്ടായ്മ

 പി.വി. അന്‍വര്‍ എംഎല്‍എയുടെ പരിധിയില്‍ കവിഞ്ഞ ഭൂമി സര്‍ക്കാരിലേയ്ക്ക് കണ്ടുകെട്ടണമെന്ന ആവശ്യവുമായി വിവരാവകാശ കൂട്ടായ്മ. ഇക്കാര്യത്തില്‍ 

ഉടന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കൂട്ടായ്മ ഹൈക്കോടതിയെ സമീപിക്കും. നിയമസഭ പാസാക്കിയ ഭൂപരിഷ്ക്കരണ നിയമം അനുസരിച്ച് ഒരു വ്യക്തിക്കോ കുടുംബത്തിനോ കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കറാണ്. 

എന്നാല്‍ പി.വി. അന്‍വര്‍ എം.എല്‍എയുടെ കൈവശം 207.84 ഏക്കറുണ്ടെന്ന് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് തൊട്ടുമുമ്പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. മലപ്പുറം, കോഴിക്കോട് ജില്ലാ കലക്ടര്‍മാര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാതി ശരിവച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പി.വി. 

അന്‍വറിനെതിരെ സ്വമേധയാ കേസെടുക്കാന്‍ 2017 ജൂലൈ 19ന് ലാന്‍റ് ബോര്‍ഡ് ചെയര്‍മാന്‍ താമരശേരി ലാന്‍റ് ബോര്‍ഡിന് നിര്‍ദേശം നല്‍കി. എന്നാല്‍ എംഎല്‍എയ്ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. കൈവശം വച്ചിരിക്കുന്ന ഭൂമിയില്‍ ഏറെയും അനധികൃതമായി സ്വന്തമാക്കിയതാണെന്നാണ് ആക്ഷേപം. എംഎല്‍എ ആയതിന് ശേഷം സ്വത്തില്‍ വന്‍ 

വര്‍ധനവുണ്ടായതായും കൂട്ടായ്മ ആരോപിക്കുന്നു.