ഭൂമിതരംമാറ്റം അപേക്ഷകൾ 15 ദിവസത്തിനകം തീർപ്പാക്കണം: സർക്കാർ മാർഗനിർദേശം

ഭൂമിതരംമാറ്റം അപേക്ഷകൾ ആർഡിഒമാർ 15 ദിവസത്തിനുള്ളിൽ തീർപ്പാക്കണമെന്ന് സർക്കാർ മാർഗനിർദേശം. തരംമാറ്റുന്ന ഭൂമി ഡേറ്റബാങ്കിൽ ഉൾപ്പെട്ടതോ , നീർചാലോ - തണ്ണീർതടമോ അല്ലെന്ന് ഉറപ്പുവരുത്തണമെന്ന് റവന്യൂവകുപ്പ് ആർ ഡി ഒ മാർക്ക്  നിർദേശം നൽകി. ഭൂമിതരമാറ്റത്തിനുള്ള യോഗ്യമായ അപേക്ഷകളിൽ അനാവശ്യ തടസവാദം ഉന്നയിച്ചാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെന്നും സർക്കാർ  മുന്നറിയിപ്പ് നൽകുന്നു. ആർ ഡി ഒമാർക്ക് നൽകിയ മാർഗനിർദേശത്തിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.

ഡേറ്റ ബാങ്കിൽ ഉൾപ്പെടാത്തതും എന്നാൽ റവന്യുരേഖകളിൽ നിലമെന്ന് രേഖപ്പേെടുത്തിയതുമായ   ഭൂമിയിൽ വീടുവെയ്ക്കുന്നതിനോ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനോ അവ തരം മാറ്റി നൽകണമെന്ന് റവന്യൂവകുപ്പ് ആർഡിഒ മാർക്ക് നൽകിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു . 25 സെന്റ് വരെ തരം മാറ്റുന്നതിന് ഫീസ് സൗജന്യമാണ്. 25 സെന്റിന് മുകളിൽ ഒരു ഏക്കർ വരെ ഭൂമിയുടെ ന്യായവിലയുടെ പത്തുശതമാനവും ഒരു ഏക്കറിന് മുകളിൽ 20 ശതമാനവും   ഫീസ് ഈടാക്കണം. അൻപതു സെന്റിൽ കൂടുതൽ തരംമാറ്റുകയാണെങ്കിൽ 10 സെന്റ് ജലസംരക്ഷണത്തിനായി നീക്കിവെയ്ക്ക്കണമെന്ന്  നിർദേശിക്കുന്നു .  ഭൂമി തരംമാറ്റി നൽകുമ്പോൾ സമീപത്ത് നെൽവയലുകൾ ഉണ്ടെങ്കിൽ അവയിലേക്കുള്ള നീരൊഴുക്ക് തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണം. തരംമാറ്റത്തിനുള്ള ഭൂമി ഡേറ്റ ബാങ്കിൽ ഉൾപ്പെട്ടിട്ടുണ്ടോ ,ഡേറ്റ ബാങ്കിൽ ഇല്ലെങ്കിലും സ്ഥിരമായി കാണുന്ന നീർചാലുകളോ  തണ്ണീർതടം നിലവിലുണ്ടോ തുടങ്ങിയ 10 ചോദ്യങ്ങളിൽ വ്യക്ത വരുത്തിയാണ് വില്ലേജ് ഓഫീസർമാർ റിപ്പോർട്ട് നൽകേണ്ടത് . വില്ലജ് ഓഫീസരിൽ നിന്ന് 15 ദിവസത്തിനകം റിപ്പോർട്ട് വാങ്ങി അപേക്ഷകളിൽ തീർപ്പാക്കാം. എന്നാൽ അനാവശ്യ തടസവാദങ്ങൾ ഉന്നയിക്കാൻ പാടില്ല.   

ഡേറ്റ ബാങ്കിൽ ഉൾപ്പെട്ടില്ലെങ്കിൽ രേഖകളിൽ നിലം എന്ന് കിടക്കാവുന്ന ഭൂമി തരംമാറ്റി നൽകാം. എന്നാൽ  ഡേറ്റ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയുമായി ബന്ധപ്പെട്ട സർക്കുലർ ചുണ്ടിക്കാട്ടി ചിലർ തടസവാദം ഉന്നയിക്കുന്നതായി പരാതിയുണ്ട്. . എന്നാൽ  അത്തരത്തിൽ തടസവാദം ഉന്നയിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുംമെന്ന് മുന്നറിയിപ്പ് നൽകുന്നു.  തരംമാറ്റാൻ ഉദ്ദേശിക്കുന്ന ഭൂമിയുടെ വിസ്തീർണം ഒരു ഹെക്ടറിൽ അധികരിക്കുന്നതാണെങ്കിൽ  കൃഷി ഓഫീസർ, വില്ലേജ് ഓഫീസർ, എന്നിവരുടെ സാന്നിധ്യത്തിൽ ആർഡിഒ  നേരിട്ട് പരിശോധന നടത്തേണ്ടതാണ്  . തരംമാറ്റേണ്ട ഭൂമി  ‍‍‍‍ഡേറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കേണ്ടതാണെങ്കിൽ  പ്രാദേശിക നിരീക്ഷണ സമിതിയുടെ അടിസ്ഥാനത്തിൽ ഭേദഗതി വിജ്‍ഞാപനം പുറപ്പെടുവിച്ചാൽ മതിയെന്നും ഡീനോട്ടിഫേൈ ചെയ്യേണ്ടതില്ലെന്നും മാർഗനിർദേശം സൂചിപ്പിക്കുന്നു. ഭൂമിയുടെ അവസ്ഥ നിലവിലെ സ്ഥിതിവെച്ചു നിർണയിക്കാൻ സാധ്യമല്ലെങ്കിൽ  അപേക്ഷകൾ കേരള സ്റ്റേറ്റ് റിമോർട്ട്  സെൻസിങ് ആൻ് എൺവയോൺമെന്റ് സെൻർ റിന്റെ പരിശോധനക്ക് റഫർ ചെയ്യണമെന്നും   റവന്യുവകുപ്പിന് വേണ്ടി   ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ലാൻഡ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് പുറത്തിറക്കിയ    മാർഗനിർദേശങ്ങളിൽ വ്യക്മമാക്കുന്നു