530 അനധികൃത രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കും; റവന്യൂവകുപ്പ് ഉത്തരവിറക്കി

വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാന്‍ റവന്യുവകുപ്പ്  തീരുമാനം. 45 ദിവസത്തിനുള്ളിൽ രവീന്ദ്രൻ പട്ടയങ്ങൾ പരിശോധിച്ച് നിയമാനുസൃതമല്ലാത്തവ റദ്ദുചെയ്യാന്‍ റവന്യൂവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഇടുക്കി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി .ദേവികുളം ഡപ്യൂട്ടി തഹസീര്‍ദാറിയിരുന്ന എം.ഐ രവീന്ദ്രന്‍ 1999ല്‍ അനുവദിച്ച് 530 പട്ടയങ്ങളാണ് റദ്ദാക്കപ്പെടുന്നത്. പട്ടയത്തിന് അര്‍ഹതയുള്ളവര്‍ക്ക് രണ്ടു മാസത്തിനകം പുതിയ പട്ടയം നല്‍കാനും റവന്യൂവകുപ്പ് നിര്‍ദേശിച്ചു. ഇ കെ നായനാര്‍ മന്ത്രിസഭയുടെ കാലത്ത് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി എം.ഐ രവീന്ദ്രന്‍ അനുവദിച്ച് വിവാദപട്ടയങ്ങള്‍ വിശദമായ പരിശോധനക്ക് ശേഷമാണ് റദ്ദാക്കാന്‍ റവന്യൂവകുപ്പ് തീരുമാനിച്ചത്. വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചപ്പോഴാണ് രവീന്ദ്രന്‍ വിതരണം ചെയ്ത അനധികൃതപട്ടയങ്ങള്‍ കണ്ടെത്തിയത്.   വന്‍കിടക്കാര്‍ ഉള്‍പ്പടെ സ്വന്തമാക്കി പട്ടയങ്ങളില്‍ പരിശോധിച്ച് നിയമവിരുദ്ധമായവ റദ്ദാക്കാനാണ് ഇടുക്കി ജില്ലാകലക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം. വിജിലന്‍സ് കസ്റ്റഡയിലെടുത്ത ഫയലുകളും അനുബന്ധ രേഖകളുടെ പകര്‍പ്പുകളും രണ്ടാഴ്ചക്കം കല്കടര്‍ പരിശോധിക്കണമെന്നും റവന്യൂവകുപ്പ് നിര്‍ദേശം നല്‍കി .  1964ലെ കേരള ഭൂപതിവ് ചട്ടപ്രകാരവും 1977ലെ കണ്ണന്‍ദേവന്‍ ഹില്‍സ് ചട്ടപ്രകാരവും തെറ്റായ രേഖകളുടെ അടിസ്ഥാനത്തിലോ തെറ്റിദ്ധരിപ്പിക്കപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലോ അനുവദിച്ച പട്ടയമാണെങ്കില്‍ റദ്ദുചെയ്യും .

രവീന്ദ്രന്‍ പട്ടയം റദ്ദാക്കപ്പെടുമ്പോള്‍ പട്ടയത്തിന് അര്‍ഹതയുള്ളവര്‍ക്ക് പുതിയ പട്ടയം രണ്ടുമാസത്തിനകം  നല്‍കാനും റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി നിര്‍ദേം നല്‍കി .ഇതിനായി പ്രത്യേകം സമിതിയെ നിയോഗിക്കും.  പട്ടയം റദ്ദാക്കപ്പെട്ടാല്‍ അര്‍ഹയതയുള്ളവര്‍ പുതിയ പട്ടയത്തിനായി ദേവികുളം തസഹീല്‍ദാര്‍ക്ക് അപേക്ഷ നല്‍കണം.  24 വര്‍ഷം മുന്‍പ് അനുവദിച്ച രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദുചെയ്യാനുള്ള തീരുമാനം ദേവികുളത്തെ ഭൂമി പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കും. താലൂക്ക് ലാന്‍ഡ് അസൈന്മെന്‍് കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ച് രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കപ്പെടുമ്പോള്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയേറെയാണ്. രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദുചെയ്ത് പുതിയ പട്ടയങ്ങള്‍ നല്‍കുന്നവര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ പട്ടയങ്ങള്‍ നല്‍കേണ്ടി വരും.