ഭൂമി കയേറ്റം തടയൽ നിയമം കർശനമാക്കാനൊരുങ്ങി സർക്കാർ

രാജമാണിക്യം റിപ്പോര്‍ട്ടും തുടര്‍നടപടികളും ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന്, പുതുതായി കൊണ്ടുവരുന്ന ഭൂമികൈയ്യേറ്റം തടയല്‍ നിയമം കൂടുതല്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍തീരുമാനം. കൈയ്യേറ്റം തടയുന്നതിനും സര്‍ക്കാര്‍ഭൂമി സംരക്ഷിക്കാനുമാണ് നിയമം തയ്യാറാവുന്നത്. അഡിഷണല്‍ അഡ്വക്കേറ്റ് ജനറലിനോട് പഴുതുകളില്ലാതെ നിയമം രൂപപ്പെടുന്‍ റവന്യൂവകുപ്പ് ആവശ്യപ്പെട്ടു

വന്‍കിട തോട്ടമുടമകള്‍, വിദേശത്ത് പ്രവര്‍ത്തിച്ചിരുന്ന കമ്പനികള്‍ എന്നിവര്‍ നിയമ വിരുദ്ധമായി സര്‍ക്കാര്‍ഭൂമി കൈയ്യടക്കിവെച്ചിരിക്കുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഭൂമികൈയ്യേറ്റം തടയല്‍ നിയമം കൊണ്ടുവരാന്‍ റവന്യൂവകുപ്പ് തയ്യാറെടുത്തത്. കരട് ബില്ലും തയ്യാറാക്കി. രാജമാണിക്യം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ചില തോട്ടങ്ങളുടെ പക്കലുള്ള ഭൂമി ഏറ്റെടുക്കാനുള്ള നടപടികളും ആരംഭിച്ചിരുന്നു. രാജമാണിക്യം റിപ്പോര്‍ട്ടും തുടര്‍നടപടികളും ഹൈക്കോടതി തള്ളിയത് റവന്യൂ വകുപ്പിന് വലിയ തിരിച്ചടിയായി. സര്‍ക്കാരിനെ കോടതി നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഇപ്പോള്‍തയ്യാറാക്കിയ നിയമ നിര്‍മ്മാണവുമായി മുന്നോട്ട് പോകാനാകില്ലെന്ന് റവന്യൂ വകുപ്പിന് ബോധ്യപ്പെട്ടു. കോടതിയുടെ അഭിപ്രായങ്ങള്‍ വിശദമായി പഠിച്ച്, വിമര്‍ശനങ്ങള്‍മനസ്സിലാക്കി  പഴുതില്ലാതെ പുതിയ നിയമം കൊണ്ടുവരാനാണ് റവന്യൂ വകുപ്പ് ശ്രമം തുടങ്ങിയത്.

നിയമവകുപ്പ് പരിശോധിച്ച് ചില മാറ്റങ്ങള്‍ നേരത്തെ നല്‍കിയിരുന്നു. അത് റവന്യൂ മന്ത്രിക്ക് പൂര്‍ണ്ണമായും സ്വീകാര്യമായിരുന്നില്ല. നിയമനിര്‍മ്മാണത്തിന്റെ അന്തസത്ത തന്നെ ചോര്‍ത്തുന്ന നിര്‍ദ്ദേശങ്ങളാണ് നിയമ വകുപ്പ് നല്‍കിയതെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. ഇപ്പോള്‍ കരട് നിയമം അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ പരിശോധിച്ച വരികയാണ്. അടുത്ത നിയമസഭാ സമ്മേളനത്തിന് മുന്‍പ് കരട് ബില്‍ തയ്യാറാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.