സിബിഐ മൊഴിയെടുത്തു; ശ്രീജിത്തിന്‍റെ ഐതിഹാസിക സമരത്തിന് സമാപ്തി

തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്റെ കസ്റ്റഡി മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നടയിൽ നടത്തിവന്ന സമരം സഹോദരൻ ശ്രീജിത്ത് അവസാനിപ്പിച്ചു. സി.ബി.ഐ മൊഴിരേഖപ്പെടുത്തിയതോടെയാണ് 782 ദിവസമായി നടത്തുന്ന സമരം അവസാനിപ്പിച്ചതെന്നു ശ്രീജിത്ത്. തിരുവനന്തപുരം സിബിഐ യൂണിറ്റാണ് ശ്രീജിത്തിന്റേയും അമ്മയുടേയും മൊഴി രേഖപ്പെടുത്തിയത്. 

സമരചരിത്രത്തിൽ തന്നെ വേറിട്ടതായിരുന്നു സഹോദരന്റെ കസ്റ്റഡിമരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് ശ്രീജിത്ത് സെക്രട്ടറിയേറ്റ് നടയിൽ നടത്തിയത്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തിയ സമരത്തിനു സമൂഹമാധ്യമങ്ങളടക്കം വലിയ പിന്തുണയാണ് നല്കിയത്. ആദ്യം ഗൗനിക്കാതിരുന്ന അധികാരികൾ പിന്നീട് സമരത്തിന്റെ ഗൗരവം ഉൾക്കൊണ്ട് സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിന്റെ ഡ്രാഫ്റ്റ് നോട്ടിഫിക്കേഷൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജൻ നേരിട്ട് കൈമാറി സമരം നിർത്തണമെന്നാവശ്യപ്പെട്ടെങ്കിലും ശ്രീജിത്ത് പിൻമാറിയില്ല. ഒപ്പം നിന്ന സമൂഹമാധ്യമ സുഹൃത്തുക്കൾ പിൻമാരിയെങ്കിലും മൊഴിയെടുപ്പുവരെ സമരമെന്നായിരുന്നു ശ്രീജിത്തിന്റെ നിലപാട്. മൊഴിയെടുപ്പിനുശേഷം പുറത്തിറങ്ങിയ ശ്രീജിത്ത് സമരം നിർത്തിയാതായി മാധ്യമങ്ങളോട് പറഞ്ഞു. 

അമ്മയോടൊപ്പമായിരുന്നു ശ്രീജിത്ത് സി.ബി.ഐ ഓഫിസിലെത്തിയത്. ഡിവൈ.എസ്.പി ടി.പി. അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്.2014 മേയ് പത്തൊൻപതിനാണ് മോഷണം കുറ്റം ആരോപിച്ച് പാറശാല പൊലീസ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത്.കസ്റ്റഡിയിലെടുത്തതിന്റെ മൂന്നാം ദിവസമായിരുന്നു മരണം.