ആയിരം ദിവസമായി; ശ്രീജിത്തിന്‍റെ സമരം ഇനി ശവപ്പെട്ടിയില്‍: ‘ഉറക്കത്തിനിടെ എന്തും സംഭവിക്കാം..’

സഹോദരന്റെ കസ്റ്റഡി മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ശ്രീജിത്തിന്റെ സമരം ആയിരം ദിവസം പിന്നിട്ടു. നീതി തേടിയുള്ള പോരാട്ടത്തിൽ പുതിയ സമരമാർഗ്ഗം സ്വീകരിച്ചിരിക്കുയാണ് ശ്രീജിത്ത്. സ്വന്തമായി നിര്‍മ്മിച്ച ശവപ്പെട്ടിയില്‍ കിടന്നുകൊണ്ട് നിരാഹാര സമരത്തിലാണ് ശ്രീജിത്ത് ഇപ്പോൾ. 

'ഉറങ്ങുന്നതിനിടെ എന്തെങ്കിലും സംഭവിക്കാം. അതിനാലാണ് ശവപ്പെട്ടി പോലെ തയാറാക്കി അതില്‍ കിടക്കുന്നത്. ഇതാകുമ്പോള്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ടാകുകയില്ല' ശ്രീജിത്ത് പറയുന്നു.

പാറശാല പൊലീസ് കസ്റ്റഡിയിലിരിക്കുമ്പോളാണ് ശ്രീജിത്തിന്റെ സഹോദരൻ ശ്രീജീവ് കൊല്ലപ്പെട്ടത്. തുടർന്ന് 2015 മെയ് 22-നാണ് സഹോദരനു നീതി ലഭിക്കാനായ ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ ഒറ്റയാള്‍ പോരാട്ടം ആരംഭിച്ചത്. ശ്രീജീവിന്റെ കസ്റ്റഡി മരണം സി ബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായാണ് ശ്രീജിത്ത് സമരം നടത്തിയത്. സമരം 760ാം ദിവസം പിന്നിട്ടപ്പോൾ സമരത്തിന് ജനകീയ പിന്തുണ ലഭിച്ചു. തുടര്‍ന്ന് ശ്രീജിത്തിന്റെ ആവശ്യം പരിഗണിച്ച് സിബിഐ അന്വേഷണ വിജ്ഞാപനമിറക്കുകയും ഉത്തരവ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍ ശ്രീജിത്തിന് കൈമാറുകയും ചെയ്തു.

എന്നാല്‍ സിബിഐ മൊഴി എടുക്കും വരെ സമരം തുടരാനാണ് ശ്രീജിത്ത് തീരുമാനിച്ചത്. സിബിഐ അന്വേഷണനടപടികള്‍ ആരംഭിച്ചതോടെ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ സിബിഐ കേസ് ഏറ്റെടുത്തുവെന്നതിന് യാതൊരു രേഖകളുമില്ലയെന്നു മനസിലാക്കിയ ശ്രീജിത്ത് വീണ്ടും തന്റെ സമരം പുനരാരംഭിച്ചു. എന്നാല്‍ കഴിഞ്ഞ മാസം 28ാം തീയതി സിബിഐയുടെ ഓഫീസില്‍ നിന്ന് ഒരു കത്ത് വന്നിരുന്നുവെന്നും അന്വേഷണം നടക്കുന്നുവെന്നും ശ്രീജിത്ത് ഇപ്പോള്‍ പറയുന്നു. പക്ഷെ കുറ്റാരോപിതരായ ഉദ്യോഗസ്ഥന്‍ സര്‍വ്വീസില്‍ തുടരുന്നതിനാല്‍ അന്വേഷണം വഴി തിരിച്ചു വിടാന്‍ സാധ്യതയുള്ളതിനാല്‍ അദ്ദേഹത്തെ സര്‍വ്വീസില്‍ നിന്ന് ഒഴിവാക്കി അന്വേഷണം തുടരണമെന്നാണ് ശ്രീജിത്തിന്റെ ആവശ്യം. എന്നാല്‍ ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്നും മാറ്റുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നീക്കങ്ങള്‍ ഉണ്ടായിട്ടില്ല.