'കൂടെപ്പിറപ്പിന്റെ ഓര്‍മതന്‍ തീയിൽ', ശ്രീജിത്തിനായി പാടി ഗോപി സുന്ദറും സിത്താരയും

സഹോദരന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിൽ ഒറ്റയാൾ സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണ അറിയിച്ച്  മലയാള സിനിമാ ലോകത്തെ സംഗീത കൂട്ടായ്മ. സംഗീതസംവിധായകൻ ഗോപി സുന്ദറും സുഹൃത്തുക്കളും ചേർന്നാണ് ശ്രീജിത്തിനു വേണ്ടി ആൽബം സോങ് തയ്യാറാക്കിയിരിക്കുന്നത്. ഗായിക സിത്താര, അഭയ ഹിരന്മണി, മുഹമ്മദ് മൻസൂർ എന്നിവരാണ് ഗോപീ സുന്ദറിനോടൊപ്പം ചേർന്നിരിക്കുന്നത്. 

 ബികെ ഹരിനാരായണന്‍ എഴുതിയ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ഗോപീ സുന്ദറാണ്. ''കൂടെപ്പിറപ്പിന്റെ ഓര്‍മതന്‍ തീയില്‍, നീ തുടര്‍ന്നീടും നിരാഹാര യുദ്ധം'' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗോപീ സുന്ദറും സിതാരയും അഭയ ഹിരണ്മയിയും മുഹമ്മദ് മന്‍സൂറും ചേർന്നാണ്. "വീ വാണ്ട് ജസ്റ്റീസ്" എന്ന് ഗാനത്തിൽ ഒരുപാട് തവണ ആവർത്തിക്കുന്നുണ്ട്.

ചലച്ചിത്ര സാംസ്കാരിക രംഗത്തെ പ്രമുഖർ ശ്രീജിത്തിന് പിന്തുണയുമായി എത്തിയിരുന്നു. നടൻ ടൊവീനോയും നടി പ്രിയങ്കയുമെല്ലാം ശ്രീജിത്തിനെ കണ്ട് പിന്തുണ അറിയിച്ചിരുന്നു. നിവിൻ പോളി, പൃഥ്വിരാജ്, പാർവതി തുടങ്ങിയവർ സമൂഹ മാധ്യമങ്ങളിലൂടെ പിന്തുണ അറിയിച്ചിരുന്നു.