ഉത്ര അനുഭവിച്ചത് തുളഞ്ഞുകയറുന്ന വേദന; തൂവൽ വീണാൽ പോലും താങ്ങാനാകില്ല

ഉത്രവധക്കേസിൽ സൂരജിന് കുടുക്കിയത് പാമ്പിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ശാസ്ത്രീയ അവബോധമില്ലായ്മ. പാമ്പുകളെ കൈകാര്യം ചെയ്യാൻ വിദഗ്ധനായിരുന്നെങ്കിലും അവയുടെ മനശാസ്ത്രത്തെക്കുറിച്ചോ സ്വഭാവരീതികളെക്കുറിച്ചോ സൂരജിന് അറിവില്ലായിരുന്നു. ഈ അറിവില്ലായ്മയാണ് അന്വേഷണത്തിന് ബലമായത്. പാമ്പുകളെ മനശാസ്ത്രവും ജീവശാസ്ത്രവും എത്രമാത്രം കേസിനെ സഹായകമായെന്ന് ഫോറസ്റ്റ് ട്രെയിനിംഗ് കോളജ് ഡപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് അൻവർ മനോരമന്യൂസ് ഡോട്ട്കോമിനോട് പറയുന്നു.

തുടക്കം മുതൽ തന്നെ അന്വേഷണം വഴി തെറ്റിക്കാൻ സൂരജ് ശ്രമിച്ചിരുന്നു. എന്നാൽ പാമ്പിന്റെ ജീവശാസ്ത്രപരമായ ചില പ്രത്യേകതകളെക്കുറിച്ച് അറിവില്ലാതിരുന്നത് തിരിച്ചടിയായി. മൂർഖൻ പാമ്പ് രാത്രിയിൽ ഇരപിടിക്കാത്ത ജീവിയാണ്. പകലാണ് ഇരതേടുന്നത്. രാത്രിയിൽ മുറിയിൽ കയറിയിട്ടുണ്ടെങ്കിൽ അതിനോടൊപ്പം ഇരയും ഉണ്ടാകേണ്ടിയിരുന്നു. എന്നാൽ പാമ്പിന്റെ വയറ്റിൽ യാതൊന്നുമില്ലായിരുന്നു. പട്ടിണിക്കിട്ട പാമ്പാണ് ഉത്രയെ കടിച്ചത്.  അബദ്ധത്തിൽ മുറിയിൽ കയറിയാലും രാത്രി പാമ്പ് എവിടെയെങ്കിലും പതുങ്ങിയിരിക്കാൻ മാത്രമേ ശ്രമിക്കൂ. അതിനെ അങ്ങോട്ട് ചെന്ന് ആക്രമിക്കാൻ ശ്രമിച്ചാൽ മാത്രമേ പ്രത്യാക്രമണത്തിന് മുതിരൂ. ഏകദേശം രണ്ട് മണിയ്ക്കാണ് ഉത്രയ്ക്ക് കടിയേറ്റത്. 

ജനാലവഴി കടന്ന് കടിച്ചതാണെന്ന് വാദിക്കാൻ ശ്രമം നടന്നു.  ജനലിന്റെ അടുത്ത് കിടന്നത് സൂരജാണ്. സൂരജിനെ കടിച്ച ശേഷം മാത്രമേ ഉത്രയെ കടിക്കാനുള്ള സാധ്യതയുള്ളൂ. എന്നിരുന്നാൽ പോലും അനങ്ങാതെ കിടക്കുന്ന ഒരാളെ അങ്ങോട്ട് ചെന്ന് മൂർഖൻ കടിക്കില്ല. ഡമ്മി പരീക്ഷണത്തിൽ ഇത് തെളിയിക്കാനായി.

ചലിക്കാത്ത ഒരു വസ്തുവിന്റെ (മനുഷ്യനാണെങ്കിലും) ഊഷ്മാവ് തിരിച്ചറിഞ്ഞ് കടിക്കാനുള്ള കഴിവ് മൂർഖനില്ല. ഉറക്കത്തിൽ അനങ്ങിയിട്ടുണ്ടെങ്കിൽ തന്നെയും അബദ്ധത്തിൽ ഒരു കടിയേറ്റേക്കാം, രണ്ട് കടി ഒരു കാരണവശാലും ഏൽക്കില്ല.  മൂർഖൻ കടിക്കാൻ വേണ്ടി ഡമ്മിയിൽ അപ്പോൾ അറുത്ത കോഴിയുടെ മാംസം കെട്ടിവെയ്ക്കുകയായിരുന്നു. കുറേ തവണ പ്രകോപിപ്പിച്ചശേഷം മാത്രമാണ് മൂർഖൻ സ്വാഭാവികമായി കടിച്ചത്. പിടിച്ചുവെച്ച് കടിച്ചപ്പോഴാണ് ഉത്രയെ കടിച്ച കടിയുടെ അതേ ആഴം ലഭിച്ചത്.  അണലിക്ക് ഇരയുടെ ഊഷ്മാവ് തിരിച്ചറിഞ്ഞ് കൊത്താനുള്ള കഴിവുണ്ട്. സൂരജും ഉത്രയും കിടന്ന മുറിയുടെ ജനാല വഴി കയറാനുള്ള നീളവും പാമ്പിനില്ലായിരുന്നു. 

മൂർഖന്റെ കടിയേൽക്കുന്ന സമയത്ത് ഉത്ര അണലി കടിയിൽ നിന്നും ജീവിതത്തിലേക്ക് തിരികെ എത്തുന്നതേയുണ്ടായിരുന്നുള്ളൂ. അണലി കടിയേറ്റതിന് ശേഷം ജീവിതത്തിലേക്ക് തിരികെ എത്തുന്ന ആ ഒരു കാലയളവിലെ വേദന സാധാരണ ഒരാൾക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. തുളഞ്ഞുകയറുന്ന വേദനയാണ് ഉത്ര അനുഭവിച്ചത്. ഒരു തൂവൽ ദേഹത്ത് വീണാൽ പോലും വേദനയെടുക്കും. ഒരു കവിൾവെള്ളം കുടിക്കുമ്പോൾ പോലും കൊടിയ വേദന സഹിച്ചിട്ടുണ്ടാകും. ആന്തരികാവയവങ്ങളെയെല്ലാം വിഷം ബാധിച്ചുണ്ടായിരുന്നു. അത്തരമൊരു അവസ്ഥയിലാണ് വീണ്ടും മൂർഖനെക്കൊണ്ട് കടിപ്പിക്കുന്നത്. ഉത്രയുടെ അവസ്ഥ നേരിൽ കണ്ട വ്യക്തിയാണ് സൂരജ്. എന്നിട്ടും വീണ്ടും ക്രൂരത പ്രവർത്തിച്ചതിലൂടെ എത്രമാത്രം പൈശാചികമാണ് മനസെന്ന് മനസിലാകുമല്ലോ? കേവലം ഭാര്യ മാത്രമല്ല ഉത്ര, സൂരജിന്റെ ചെറിയ കുഞ്ഞിന്റെ അമ്മ കൂടിയാണ്. അമ്മ എന്ന പരിഗണനപോലും ആ പാവം പെൺകുട്ടിയോട് കാണിച്ചില്ല. 

സ്വാഭാവിക മരണമാണെന്ന് വരുത്തി തീർക്കാൻ എല്ലാ ശ്രമവും സൂരജ് നടത്തി. ജോത്സ്യനെക്കൊണ്ട് ഉത്രയ്ക്ക് സർപ്പശാപമുണ്ടെന്ന് പ്രചരിപ്പിച്ചു. അയാൾ ചെയ്ത ക്രൂരത കോടതി തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ട്. ഒറ്റയടിക്കൊരു മരണം സൂരജ് അർഹിക്കുന്നില്ല. അത്രയധികം ക്രൂരമനസിന്റെ ഉടമയാണ്. – മുഹമ്മദ് അൻവർ പറഞ്ഞു.