ശ്രീജീവിന്റെ കസ്റ്റഡി മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്റെ കസ്റ്റഡി മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഡി.ജി.പിയോട് വിശദീകരണം തേടി. ആവശ്യമെങ്കില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ പി. മോഹന്‍ദാസ് പറഞ്ഞു. പൊലീസിന് വീഴ്ചയുണ്ടോയെന്ന് സി.ബി.ഐ പരിശോധിക്കട്ടേയെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പ്രതികരിച്ചു. 

സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം തുടരുന്ന ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജീവിന്റെ കസ്റ്റഡി മരണം അന്വേഷിക്കുന്നതില്‍ പൊലീസ് സ്വീകരിച്ച നടപടിയില്‍ മനുഷ്യാവകാശ കമ്മീഷന് കടുത്ത അസംതൃപ്തിയാണുള്ളത്. ശ്രീജിത്തിന്റെ സമരത്തിന്റെ തുടക്കത്തില്‍ തന്നെ കമ്മീഷന്‍ സ്വമേധയ കേസെടുത്തിരുന്നു. ഇപ്പോള്‍ സമരം വീണ്ടും ചര്‍ച്ചയായതോടെ തുടര്‍നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ്. കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി. ആ ഫയലുകള്‍ പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാനാണ് തീരുമാനം. 

കേസ് കോടതിയിലായതിനാല്‍ കമ്മീഷന്റെ ആരോപണങ്ങളോട് പ്രതികരിക്കുന്നില്ലെന്നും സി.ബി.ഐ അന്വേഷിക്കണമെന്നാണ് പൊലീസിന്റെ നിലപാടെന്നും ഡി.ജി.പി പ്രതികരിച്ചു. ശ്രീജിത്തിന്റെ സമരം 768 ാം ദിവസവും തുടരുകയാണ്. ചൊവ്വാഴ്ചയാണ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത്.