ശ്രീജീവിന്റെ മരണം; സര്‍ക്കാര്‍ വാദം പൊളിയുന്നു,അന്വേഷണത്തിൽ തുടക്കം മുതല്‍ അട്ടിമറി

തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്റെ കസ്റ്റഡി മരണത്തില്‍ അന്വേഷണം മന്ദീഭവിച്ചത് ഹൈക്കോടതിയുടെ സ്റ്റേ മൂലമാണെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു. സ്റ്റേയുണ്ടാകുന്നതിന് രണ്ട് വര്‍ഷം മുന്‍പ് തന്നെ കാര്യക്ഷമമായി അന്വേഷണം നടന്നില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്റെ കേസ് ഫയലുകള്‍ തെളിയിക്കുന്നു. ക്രൈംബ്രാഞ്ചിന് വിടണമെന്ന കമ്മീഷന്‍ ഉത്തരവ് അട്ടിമറിച്ചതിനൊപ്പം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അടക്കമുള്ള തെളിവുകള്‍ പൊലീസ് മറച്ചുവയ്ക്കുകയും ചെയ്തു. രേഖകള്‍ മനോരമ ന്യൂസിന് ലഭിച്ചു. 

ശ്രീജീവിന്റെ കസ്റ്റഡി മരണത്തിലെ അന്വേഷണത്തിനും ആരോപണ വിധേയര്‍ക്കെതിരായ നടപടിക്കും തടസം ഹൈക്കോടതിയില്‍ നിന്ന് കുറ്റാരോപിതരായ പൊലീസുകാര്‍ വാങ്ങിയ സ്റ്റേയാണെന്നാണ് പൊലീസും സര്‍ക്കാരും ആവര്‍ത്തിക്കുന്നത്. ഈ സ്റ്റേയുണ്ടാകുന്നത് 2016 ഒക്ടോബറിലാണ്. അതിനും രണ്ട് വര്‍ഷവും മൂന്ന് മാസവും മുന്‍പ് , അതായത് 2014 ജൂലൈയില്‍ ശ്രീജീവിന്റെ അമ്മ രമണിയുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. പൊലീസില്‍ നിന്ന് വിശദീകരണം തേടിയെങ്കിലും അന്വേഷണം പുരോഗമിക്കുന്നൂവെന്ന മറുപടി മാത്രമാണ് പൊലീസ് നല്‍കിയത്. ഇതില്‍ പ്രതിഷേധം അറിയിച്ച മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജെ.ബി. കോശി പോസ്റ്റുമോര്‍ട്ടം സര്‍ട്ടിഫിക്കറ്റും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടു. കസ്റ്റഡി മരണമായതിനാല്‍ ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറണമെന്നും സംസ്ഥാന പൊലീസ് മേധാവിയ്ക്ക് നല്‍കിയ ഉത്തരവില്‍ നിര്‍ദേശിച്ചു. എന്നാല്‍ ഈ ഉത്തരവിന് മറുപടിയായി രേഖകള്‍ ഹാജരാക്കിയില്ലെന്ന് മാത്രമല്ല, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയുമില്ല. അതായത് ഹൈക്കോടതിയുടെ സ്റ്റേയുണ്ടാകുന്നതിന് മുന്‍പ് തന്നെ കസ്റ്റഡി മരണം ആത്മാര്‍ത്ഥമായി അന്വേഷിക്കാന്‍ പൊലീസ് ശ്രമിച്ചില്ലെന്ന് വ്യക്തം. 

ശ്രീജീവിന്റേത് കൊലപാതകമല്ലെന്നും ആത്മഹത്യയാണെന്നും പൊലീസ് ആവര്‍ത്തിച്ച് പറയുന്നുണ്ട്. അതിന്റെ തെളിവുകളുണ്ടെന്നും വ്യക്തമാക്കുന്നു. എങ്കില്‍ പിന്നെ എന്തിനാണ് തുടക്കം മുതല്‍ അന്വേഷണം അട്ടിമറിക്കുന്നതിന് സമാനമായ നിലപാടെടുത്തതെന്ന ചോദ്യത്തിന് കൂടി പൊലീസ് മറുപടി പറയണം.