‘കലക്ടറായിരിക്കാന്‍ യോഗ്യതയില്ല’; മധ്യപ്രദേശില്‍ പൊട്ടിത്തെറിച്ച് ജഡ്ജി

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ സസ്പന്‍ഡ് ചെയ്യാന്‍ ആവശ്യപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതി. ജില്ലാ കലക്ടറായിരിക്കാന്‍ ആ ഉദ്യോഗസ്ഥന്‍ യോഗ്യനല്ലെന്നും അദ്ദേഹം ഒരു രാഷട്രീയ ഏജന്റായാണ് പ്രവര്‍ത്തിക്കുന്നതെന്നും ജസ്റ്റിസ് വിവേക് അഗര്‍വാള്‍ നിരീക്ഷിച്ചു.

ഗണ്ണൂർ ജൻപദ് പഞ്ചായത്തിൽ കഴിഞ്ഞ മാസം നടന്ന വൈസ് ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പില്‍ വിജയിയെ തെറ്റായി പ്രഖ്യാപിച്ചതിന് എതിരായ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. വിഷയത്തില്‍ വാദം കേട്ട ജഡ്ജി പന്ന എന്ന സ്ഥലത്തെ ജില്ലാ കലക്ടറായ സഞ്ജയ് മിശ്രയെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു.ഉദ്യോഗസ്ഥന് 'സ്വാഭാവിക നീതിയുടെ തത്വങ്ങളോട് യാതൊരു ഉത്തരവാദിത്തവുമില്ല എന്നും ജില്ലാ കലക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും ജഡ്ജി പറഞ്ഞു. 

വൈസ് ചെയര്‌പേഴ്സണായി നടത്തുന്ന തിരഞ്ഞെടുപ്പാണ് വിവാദത്തിന് ഇടയാക്കിയത്. 25–ല്‍ 13 വോട്ട് നേടി കോണ്‍ഗ്രസ് പിന്തുണയുള്ള സ്ഥാനാര്‍ഥി പര്‍മാനന്ദ് ശര്‍മ വിജയിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ എതിര്‍സ്ഥാനാര്‍ഥിയും ബിജെപി പിന്തുണയുമുള്ള രാംശിരോമണി മിശ്ര കലക്ടറിനെ സമീപിച്ചു. പിറ്റേദിവസം പരമാനന്ദ് ശര്‍മയോട് വിവരം അറിയിക്കാതെ ലോട്ടറി സംവിധാന്തതില്‍ മറ്റൊരു തിരഞ്ഞെടുപ്പ് നടത്തുകയും രാംശിരോമണി ശര്‍മയെ വിജയിയായും കലക്‌ടര്‍ പ്രഖ്യാപിച്ചു. ഇതാണ് രോഷത്തിനും പിന്നീട് കേസിനും കാരണമായത്.