തരൂരിനെ സ്വീകരിച്ച് മധ്യപ്രദേശ് പിസിസി; മുതിർന്ന നേതാക്കളെല്ലാം എത്തി

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് രണ്ട് നാള്‍ മാത്രം ശേഷിക്കെ രൂക്ഷമായ ആരോപണങ്ങളുമായി ശശി തരൂര്‍.  വോട്ടര്‍ പട്ടികയിലെ പിഴവുകളും പ്രചാരണത്തിനെത്തുമ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ മാറി നില്‍ക്കുന്നതും ചോദ്യം ചെയ്യുകയാണ് തരൂര്‍. അതേസമയം മറ്റ് പിസിസികളില്‍ നിന്ന് വ്യത്യസ്തമായി മധ്യപ്രദേശ് പിസിസിയില്‍ തരൂര്‍ പ്രചാരണത്തിന് എത്തിയപ്പോള്‍ മുതിര്‍ന്ന നേതാക്കളടക്കം സ്വീകരിക്കാനെത്തി. അധ്യക്ഷന്‍ കമല്‍നാഥും പ്രതിപക്ഷ നേതാവ് ഗോവിന്ദ് സിങുമായി തരൂര്‍ കൂടിക്കാഴ്ച നടത്തി.

നാമനി‍ദേശപത്രിക സമര്‍പ്പണ സമയത്ത് ലഭിച്ച വോട്ടര്‍ പട്ടികയും ഈ മാസം അഞ്ചിന് ലഭിച്ച വോട്ടര്‍ പട്ടികയും വ്യത്യസ്തമാണെന്നാണ് ശശി തരൂരിന്റെ പ്രധാന ആരോപണം. ആദ്യപട്ടികയില്‍ ഉണ്ടായിരുന്ന 500 പേര്‍ രണ്ടാം പട്ടികയില്‍ ഇല്ല. പകരം  669 പുതിയ പേരുകള്‍.  വോട്ടര്‍മാരെ ബന്ധപ്പെടാന്‍ കഴിയുന്നതായിരുന്നില്ല വോട്ടര്‍പട്ടിക.  ഇതിനെല്ലാം പുറമെ പിസിസികളില്‍ എത്തുപോള്‍ ഖര്‍ഗെയെ ഔദ്യോഗിക സ്ഥാനാര്‍ഥിയാക്കുന്ന തരത്തിലുള്ള സമീപനം നേതാക്കളില്‍ നിന്ന് ഉണ്ടാകുന്നു എന്നാണ് തരൂര്‍ പറയുന്നത്. എന്നാല്‍ മധ്യപ്രദേശില്‍ സ്ഥിതി വ്യത്യസ്തമായിരുന്നു. ‌അധ്യക്ഷന്‍ കമല്‍നാഥും പ്രതിപക്ഷ നേതാവ് ഗോവിന്ദ് സിങും കൂടിക്കാഴ്ചക്ക് തയ്യാറായി. മുതിര്‍ന്ന നേതാക്കളടക്കം വോട്ടര്‍മാരുടെ വലിയ സംഘം തന്നെ പിസിസി ആസ്ഥാനത്തുണ്ടായിരുന്നു.

ഭുവനേശ്വര്‍, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ  പ്രചാരണം. ശശി തരൂരിന്റെ  ആരോപണങ്ങളിലല്‍ വലിയ അതൃപ്തി ഉണ്ടെങ്കിലും അത് വ്യക്തമാകാതെയാണ് ഖര്‍ഗെയുടെ പ്രതികരണം. സുതാര്യമായി തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് തിരഞ്ഞെടുപ്പ് അതോറിട്ടിയുടെ ശ്രമം. അധ്യക്ഷനായാല്‍ ഗാന്ധികുടുംബത്തോട് ചര്‍ച്ച ചെയ്തുതന്നെയാണ് കാര്യങ്ങള്‍ തീരുമാനിക്കുക. പരിചയ സമ്പന്നരായവരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും ഖര്‍ഗെ പറയുന്നു. പാര്‍ട്ടിക്ക് സ്ഥിരത ആവശ്യമാണെന്നും അത് കൈവരിക്കാന്‍ അധ്യക്ഷനായി ഖര്‍ഗെ വരണമെന്നും ജി 23 അംഗമായിരുന്ന മനീഷ് തിവാരിയും പ്രതികരിച്ചു.